ashtami
അഷ്ടമി മഹോത്സവത്തിന്റെ നാലാം ദിനം രാവിലെ നടന്ന ശ്രീബലി

വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കത്തപ്പന്റെ ശ്രീബലി. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടി പൂജ എന്നിവക്ക് ശേഷം ഭഗവാന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ പുതുപ്പള്ളി സാധു തിടമ്പേറ്റി. പാറന്നൂർ നന്ദൻ, ഓമല്ലൂർ ഗോവിന്ദൻകുട്ടി, ഉഷശ്രീ ദുർഗാപ്രസാദ്, എടകളത്തൂർ അർജുനൻ എന്നീ ആനകൾ അകമ്പടിയായി. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം ഉപയോഗിക്കുന്ന ആനയച്ചമയങ്ങളാണ് വൈക്കത്തഷ്ടമി ഉത്സവത്തിന് ഉപയോഗിക്കുന്നത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ ആനക്കൊട്ടിലിലെത്തിയപ്പോൾ കൊട്ടിപ്പാടി സേവ ആരംഭിച്ചു. വൈക്കം ജയൻ, വെച്ചൂർ രാജേഷ്, വെച്ചൂർ വൈശാഖ്, മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ, കലാപീഠം കാർത്തിക് എന്നിവരാണ് കൊട്ടിപ്പാടിസേവ നടത്തിയത്. ഉദയനാപുരം കണ്ണൻ, മൂവാറ്റുപുഴ ജയചന്ദ്രൻ,​ കോഴിക്കോട് മഹേഷ്, മൂവാറ്റുപുഴ അജയൻ എന്നിവർ മേളമൊരുക്കി.