കൊച്ചി:കായികാദ്ധ്യാപകരുടെ സമരത്തിന് നടുവിലായിരുന്നു മേളയുടെ തുടക്കം. മത്സരത്തിനിടെ പരിക്കേറ്റ താരം മൈതാനത്ത് അരമണിക്കൂർ കിടന്നെന്ന ആരോപണം ആദ്യ ദിവസം തന്നെ വിവാദത്തിന് തിരികൊളുത്തി. ഇന്നലെ മേള കൊടിയിറങ്ങുമ്പോൾ മറ്റൊരു വിവാദകാറ്റുംവീശി.

ഒഫീഷ്യലുകളുടെ കുറവു കാരണം സ്ഥാന നിർണയത്തിൽ പിഴവു സംഭവിച്ചതാണ് പരാതി .ക്രോസ് കൺട്രി വിഭാഗം സീനിയർ മത്സരത്തിൽ മൂന്നാം സ്ഥാനം മാറ്റി നൽകിയെന്നാണ് ആരോപണം.തൃക്കാക്കര സെന്റ് ജോസഫ് ഇ.എം എച്ച്.എസ്.എസ് സ്‌കൂളിലെ കായികാദ്ധ്യാപകൻ പി.ആർ അരുൺ കുമാറാണ് പരാതിക്കാരൻ. അരുൺ കുമാർ പരിശീലനം നൽകിയ ഒഡിഷവിദ്യാർത്ഥി നീരജ് സോറിന് ക്രോസ് കൺട്രി മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ നീരജ് നാലാം സ്ഥാനത്താണെന്നായിരുന്നു ഒഫീഷ്യലുകൾ പറഞ്ഞത്. എന്നാൽ അദ്ധ്യാപകൻ സംഭവം പ്രശ്‌നമാക്കിയതോടെ, മൂന്നാം സ്ഥാനത്തിനുള്ള സർട്ടിഫിക്കറ്റ് നൽകാം, എന്നാൽ സംസ്ഥാന തലത്തിൽ പോകാൻ അനുവദിക്കില്ലെന്നായി. ഈ 'ഓഫർ' നീരജും കായികാദ്ധ്യാപകനും നിരസിച്ചതോടെ ഒഫീഷ്യലുകൾ വിദ്യാർത്ഥി ഒരു ലാപ് പൂർത്തീകരിച്ചിട്ടില്ലെന്ന നിലപാടെടുത്തു.പരാതി നൽകാനായി എത്തിയതോടെ 1500 രൂപ അടച്ച് അപ്പീൽ കൊടുക്കാനായിരുന്നു 'ഉത്തരവ്'.