കൊച്ചി: സിഖ് മതസ്ഥാപകനും ആദ്യ ഗുരുവുമായ ഗുരുനാനാക്കിന്റെ 550ാം ജന്മദിനം ആഘോഷിച്ചു. തേവര ശ്രീ ഗുരു സിംഗ് സഭ ഗുരുദ്വാരയിലാണ് ജന്മദിന പ്രാർത്ഥനാചടങ്ങുകളും ആഘോഷങ്ങളും നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുവരെ സിഖ് മതവിശ്വാസികളെത്തി. രാവിലെ 8ന് അഖണ്ഡ് പാത്തിലൂടെ തുടങ്ങിയ ചടങ്ങുകൾ വൈകിട്ട് 4 മണിയോടെയാണ് അവസാനിച്ചത്. സിഖ് മത വിശ്വാസ പ്രകാരമുള്ള കാതക് മാസത്തിലെ പൗർണ്ണമി നാളിലാണ് ഗുരുനാനാക്കിന്റെ ജന്മദിനമായ കാർത്തിക് പൂർണ്ണിമ ആഘോഷിക്കുന്നത്. ഗുരുനാനാക്ക്, ഗുരു പുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലും ഗുരുനാനാക്ക് ജയന്തി അറിയപ്പെടുന്നു. സാഹോദര്യം, സ്നേഹം, നന്മ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു ഇത്തവണത്തെ സന്ദേശവും. ഏതുമത വിശ്വാസികൾക്കും ആഘോഷത്തിൽ പങ്കെടുക്കാമായിരുന്നതിനാൽ ആയിരക്കണക്കിന് ജനമാണ് ഗുരുദ്വാരയിലേക്ക് എത്തിച്ചേർന്നത്. ജാതി വിവേചനത്തെയും വിഗ്രഹാരാധനയെയും എതിർത്ത ഗുരുനാനാക്കിന്റെ പാതയാണ് സിഖ് മത വിശ്വാസികൾ പിന്തുടരുന്നത്. മധുരവിതരണവും അന്നദാനവും കലാസാംസ്കാരിക പരിപാടികളും നടന്നു.