ആലുവ: അയൽവാസിയുടെ കക്കൂസ് മാലിന്യം മൂലം കിണർവെള്ളം മലിനമായതായി പരാതി. വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

മുടക്കുഴ പൊക്കളപറമ്പിൽ ധന്യയാണ് മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മുടക്കുഴ പഞ്ചായത്തിൽ 2017 മുതൽ പരാതി നൽകിയിട്ടും തീരുമാനമായില്ലെന്ന് പരാതിക്കാരി ആരോപിച്ചു. കുടിവെള്ളത്തിനായി വേറെ മാർഗവുമില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

വീടിന് ഭീഷണിയായി നിന്നിരുന്ന തെങ്ങ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശത്തെ തുടർന്ന് വെട്ടിമാറ്റി. പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ മൂടിയിൽ പുത്തൽവീട്ടിൽ പ്രസന്നകുമാരിയുടെ വീടിന് മുകളിലേക്ക് വീഴുന്ന രീതിയിലാണ് അയൽവാസിയുടെ തെങ്ങ് നിന്നിരുന്നത്. അപകടാവസ്ഥയിൽ നിൽക്കുന്ന തെങ്ങ് വെട്ടന്നമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ നിരാകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് പ്രസന്നകുമാരി കമ്മീഷന് പരാതി നൽകിയിരുന്നു. തെങ്ങ് വെട്ടിയകാര്യം പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് പരാതി തീർപ്പാക്കി.