കൊച്ചി : വാളയാറിൽ പീഡനത്തിനിരയായ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ ഇന്നു പരിഗണിച്ചേക്കും.
ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിലെ പ്രതി വാളയാർ നാഗംകുളങ്ങര സ്വദേശി പ്രദീപ്കുമാർ, 13 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പാലക്കാട് പുതുശേരി സ്വദേശി വലിയ മധുവെന്ന മധു എന്നിവരെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. മറ്റു പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലുകൾ അടുത്തദിവസം നൽകും.
13 വയസുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ ലെെംഗികപീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. മധുവിനെ 2017 മാർച്ച് ഒമ്പതിനും പ്രദീപ് കുമാറിനെ മാർച്ച് 10 നുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇരു പ്രതികൾക്കുമെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഇവരെ വെറുതെവിട്ടു. വിധി റദ്ദാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച് പുനർവിചാരണ നടത്തണമെന്നും ബെസ്റ്റ് ബേക്കറി കേസിൽ സുപ്രീംകോടതി നിർദ്ദേശിച്ച തത്ത്വങ്ങൾ ഈ കേസിൽ ബാധകമാണെന്നും അപ്പീലിൽ പറയുന്നു. ഹർജിക്കാരിയും ഭർത്താവും നൽകിയ ദൃക്‌സാക്ഷി മൊഴി അവിശ്വസിച്ച് വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടെന്ന് അപ്പീലിൽ ആരോപിക്കുന്നു. അന്വേഷണം ഏറ്റെടുത്ത പുതിയ ഉദ്യോഗസ്ഥനു മുന്നിലാണ് ഇവർ ദൃക്‌സാക്ഷി മൊഴി നൽകിയതെന്നും ഇതിനു മുമ്പ് ഇക്കാര്യം പറഞ്ഞില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. കുട്ടികളുടെ ഭാവിയെ കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന വാദം കോടതി തള്ളി. മൊഴി രേഖപ്പെടുത്തിയതിൽ തീയതി ഇടാത്തതിനാൽ തിരിമറി നടന്നിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും വിധിയിൽ പറയുന്നു. ഇത്തരം അനാവശ്യ നിഗമനങ്ങൾ വിധിന്യായത്തിലുണ്ട്. സാക്ഷിമൊഴികൾ ശരിയായി വിലയിരുത്തി പ്രതികളെ ശിക്ഷിക്കാനുള്ള നിലപാട് ഉണ്ടായില്ല. കുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വസ്തുതയ്ക്ക് അർഹിക്കുന്ന ഗൗരവം നൽകിയില്ല. ഇത്തരം കേസുകളിൽ കോടതിക്ക് മൂകസാക്ഷിയാകാനാവില്ലെന്നിരിക്കെ, തെളിവെടുപ്പിൽ ഫലപ്രദമായ ഇടപെടലുണ്ടായില്ല. പ്രതികൾക്കു വേണ്ടി ഹാജരായ ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷൻ പ്രോസിക്യൂഷന്റെ പരാജയത്തിന് വഴിയൊരുക്കി. കൊലക്കേസായിട്ടും അന്വേഷണസംഘം പ്രതികളുടെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി രാഷ്ട്രീയ നേതൃത്വത്തെ അനുസരിച്ചു നിലകൊണ്ടു. പുനർവിചാരണക്ക് ആവശ്യമായ അസാധാരണമായ സാഹചര്യങ്ങൾ ഈ കേസിലുണ്ടെന്നും അപ്പീലിൽ പറയുന്നു.