courcilormar
ആലുവ നഗരസഭയുടെ ഭരണമുരടിപ്പിനെതിരെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിലവിളി സമരം നടത്തുന്ന കൗൺസിലർമാർ

ആലുവ: ആലുവ നഗരസഭ ഭരണസമിതി ചുമതലയേറ്റതിന്റെ നാലാം വാർഷിക ദിനത്തിൽ ഒരുവിഭാഗം കൗൺസിലർമാർ 'നിലവിളി' സമരം സംഘടിപ്പിച്ചു. വികസന മുരടിപ്പിന്റെയും ജനവഞ്ചനയുടെയും നാലാം വർഷം എന്നാരോപിച്ച കൗൺസിലർമാർ കരിദിനാചരണത്തിന്റെ ഭാഗമായി കറുത്തവസ്ത്രം ധരിച്ചാണ് വിവിധ കേന്ദ്രങ്ങളിൽ 'നിലവിളി' സമരം നടത്തിയത്. ശിലാസ്ഥാപനം നടത്തി എട്ട് വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്ത ആലുവ ജനറൽ മാർക്കറ്റ്, തകർന്ന് തരിപ്പണമായി കിടക്കുന്ന ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ്, അടച്ചുപൂട്ടി ഇഴജന്തുക്കളുടെ താവളമാക്കിയ ആലുവ മുനിസിപ്പൽ പാർക്ക് എന്നിവിടങ്ങളിലാണ് പ്ളക്കാർഡുകളുമായി ഇവർ സമരത്തിനെത്തിയത്. ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കമെന്ന് പറഞ്ഞാണ് എട്ടുവർഷം മുമ്പ് കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതി മാർക്കറ്റ് പെളിച്ചത്. ഇതുവരെ വായ്പ ലഭ്യമാക്കാൻ പോലും ഭരണസമിതിക്ക് ആയിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു.

ലക്ഷങ്ങൾ മുടക്കിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നടുവൊടിക്കുന്ന കുഴിയാണ്. യാത്രക്കാർക്ക് വിശ്രമിക്കാൻ കസേരകൾ പോലുമില്ല. മുനിസിപ്പൽ പാർക്കിന്റെ അവസ്ഥ അതിദയനീയമാണ്. നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചെന്ന് പറയുമ്പോഴും ഭൂരിഭാഗം സമയവും പാർക്ക് അടച്ചിട്ടിരിക്കുയാണ്. കുട്ടികളുടെ കളി ഉപകരണങ്ങളെല്ലാം നാശമായി. പാർക്കിലെ ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രം 10 വർഷമായിട്ടും തുറന്നില്ല. നഗരസഭ കാര്യാലയം, മാർക്കറ്റ്, ബസ് സ്റ്റാൻഡ്, പാർക്ക് എന്നിവിടങ്ങളിൽ പ്രതിക്ഷേധ സമരം നടത്തി. ബി.ജെ.പി കൗൺസിലർ എ.സി. സന്തോഷ് കുമാർ, സ്വതന്ത്ര കൗൺസിലർമാരായ സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ.വി. സരള തുടങ്ങിയവരാണ് സമരത്തിൽ പങ്കെടുത്തത്.