കൊച്ചി : ചന്ദ്രനിലേയ്ക്ക് പോകാൻ ടെക്നോളജിയുള്ള നാട്ടിൽ റോഡു നന്നാക്കാനുള്ള ടെക്നോളജിയില്ലേ എന്നു ഹൈക്കോടതിയുടെ വിമർശനം. കൊച്ചി നഗരത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ കൊച്ചി കോർപ്പറേഷനും ജി.സി.ഡി.എയും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ചിന്റെ വാക്കാലുള്ള വിമർശനം. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സബർബൻ ട്രാവൽസ് ഉടമ കെ.പി. അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ ഡിസംബർ 31 നകവും തദ്ദേശഭരണ സ്ഥാപനങ്ങളുടെ റോഡുകൾ 2020 ജനുവരി 31 നകവും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഉത്തരവുനൽകി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ നൽകിയ ഉപഹർജി പരിഗണിച്ച ഹൈക്കോടതി റോഡുകൾ നന്നാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മൂന്നു ദിവസത്തിനുള്ളിൽ നഗരസഭയും ജി.സി.ഡി.എയും സർക്കാരും റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. നഗരത്തിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യേണ്ട റോഡുകളുടെയും നികത്തേണ്ട കുഴികളുടെയും വിവരങ്ങൾ ഉപഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 വാഹനങ്ങളെ വിഴുങ്ങുന്ന കുഴികൾ

നഗരത്തിലെ റോഡുകൾ ശോചനീയാവസ്ഥയിൽ തുടരുകയാണ്. ചന്ദ്രനിലേക്ക് പോകാൻ ടെക്നോളജി വികസിപ്പിച്ചെടുത്ത നാടാണ്. ഇവിടെ പേരണ്ടൂർ കനാൽ വൃത്തിയാക്കുന്നതിനുള്ള ടെക്നോളജിക്ക് വിദേശസഹായം തേടിയിരിക്കുകയാണ്. റോഡിലെ അറ്റകുറ്റപ്പണി നടത്താനും വിദേശ സാങ്കേതികസഹായം വേണ്ടിവരുമോ ? വാഹനങ്ങളെ വിഴുങ്ങുന്ന കുഴികളാണ് നിരത്തിലുള്ളത്. റോഡുകൾ നന്നാക്കാനുള്ള ഇടക്കാല ഉത്തരവു നൽകിയശേഷവും കരിങ്ങാച്ചിറയിൽ അപകടമരണം ഉണ്ടായി. ജി.സി.ഡി.എയുടെ നിയന്ത്രണത്തിലുള്ള കലൂർ - കടവന്ത്ര റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കോടതി നിർദ്ദേശിച്ച അവസാന സമയത്തിനായി അധികൃതർ കാത്തിരിക്കുകയാണെന്ന് തോന്നുന്നു.

അടിയന്തരമായി നടപടി വേണ്ട റോഡുകൾ

 തമ്മനം - പുല്ലേപ്പടി റോഡ്

 കലൂർ - കടവന്ത്ര റോഡ്

 ദേശാഭിമാനി റോഡ്

 പേരണ്ടൂർ റോഡ്

കുഴികൾ നികത്തേണ്ട സ്ഥലങ്ങൾ

 ചങ്ങമ്പുഴ പാർക്ക്

 കലൂർ

 കതൃക്കടവ് പാലം

 ലിസി മെട്രോ ജംഗ്ഷൻ

 കുണ്ടന്നൂർ ജംഗ്ഷൻ

 കലൂർ ജില്ലാ കോടതിക്ക് മുൻവശം

 കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിന് എതിർവശം