കോതമംഗലം: പരിക്ക് വകവയ്‌ക്കാതെ ആൽബർട്ട് ജോസ് ചാടിയത് സ്വർണത്തിലേക്ക്. ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൽ ജമ്പിലാണ് കോതമംഗലം മാർ ബേസിലിന്റെ ആൽബർട്ട് വേദനയ്‌ക്കിടയിലും സുവർണ നേട്ടം കൊയ്തത്.

കാൽകുഴയ്‌ക്കേറ്റ പരിക്കുമായാണ് ആൽബർട്ട് മീറ്റിനെത്തിയത്.ഹൈജമ്പിൽ ആദ്യ സ്വർണം. ഇന്നലെ ട്രിപ്പിൾ ജമ്പിനിറങ്ങിയപ്പോൾ ബാൻഡേജ് ചുറ്റിയ ശേഷമാണ് ഷൂ ധരിച്ചത്. ആദ്യ ചാട്ടം 14.06. നാലാം ചാട്ടത്തിൽ കാലിന് വേദന കൂടിയതോടെ അഞ്ചാം ചാട്ടം ഒഴിവാക്കി. ആദ്യ ചാട്ടത്തിലെ മികവിൽ സ്വർണ നേട്ടവും കൊയ്ത്തു. ആദ്യമായാണ് ട്രിപ്പിൾ ജമ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ ഹൈജമ്പിൽ നാലാം സ്ഥാനം നേടി. ഇത്തവണ ഇരട്ട സ്വർണം നേടുകയാണ് ലക്ഷ്യം. തൊടുപുഴ കോയിക്കര ജോസ് കുര്യൻ - ഷിബി ദമ്പതികളുടെ മകനാണ്.