കൊച്ചി : ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസന പദ്ധതിക്ക് കണയന്നൂർ, പറവൂർ താലൂക്കുകളിലെ ഭൂമി ഏറ്റെടുത്തത് സർക്കാരിൽ നിക്ഷിപ്തമാക്കി വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പുന:രധിവാസവും നഷ്ട പരിഹാരവും സംബന്ധിച്ച് തീരുമാനമാകാതെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ നെൽസൺ ജോസഫ് ഉൾപ്പെടെ ആറുപേർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി രണ്ടാഴ്ച കഴിഞ്ഞു വിശദമായ വാദത്തിനു പരിഗണിക്കാൻ മാറ്റി. രണ്ടായിരത്തോളം കുടുംബങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നാരോപിച്ച് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.