കോലഞ്ചേരി: മുച്ചക്ര വാഹനത്തിന്റെ സഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സുമേഷ് ഇനി പണിയായുധങ്ങൾ വാടകയ്ക്ക് നല്കി ജീവിയ്ക്കും. ഒമ്പത് വർഷം മുമ്പ് ടൈലിന്റെ പണിക്കു പോകവെ പുക്കാട്ടുപടി കല്ലൂച്ചിറയിൽ മോഹനന്റെ മകൻ സുമേഷേി(30) നെ വിധി വേട്ടയാടിയത് വാഹനാപകടത്തിന്റെ രൂപത്തിലായിരുന്നു. കങ്ങരപ്പടിയിൽ വച്ച് പോകുമ്പോൾ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. . എറണാകുളം മെഡിക്കൽ സെന്ററിലെ ചികിത്സയിൽ ജീവൻ തിരിച്ച് കിട്ടിയെങ്കിലും ശരീരം തളർന്ന് നടക്കാൻ പറ്റാതായി.. ഭാര്യ ശ്രീദേവി അമ്മ സുലോചന എന്നിവരോടൊപ്പം പുറമ്പോക്ക് ഭൂമിയിലാണ് സുമേഷിന്റെ താമസം. കഷ്ടപ്പാടുകൾ നിറഞ്ഞ സുമേഷിന്റെ അവസ്ഥ മനസ്സിലാക്കിയ കേരള ആക്ഷൻ ഫോഴ്സ് ഉപജീവനമാർഗമായി പണി ആയുധങ്ങൾ വാടകയ്ക്ക് നല്കുന്ന സംരഭത്തിന് സഹായം നൽകി. സ്ഥാപനംഡോക്ടർ ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ ഫോഴ്സ് ട്രഷറർ എം.സുരേഷ് , ഡോ.ഹൈദർ അലി, ആനന്ദ് എം.ജോർജ്, രവിക്കുട്ടൻ, ലളിത ഗോപിനാഥ്, ജോബി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.