കൊച്ചി: കൊച്ചിയിൽ ആരംഭിച്ച സ്മാർട്ട് ബസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര നഗര-ഭവന മന്ത്രാലയം വർഷംതോറും നടത്തിവരുന്ന അർബൻ മൊബിലിറ്റി ഇന്ത്യാ കോൺഫറസിൽ മികച്ച നഗര ബസ് സേവന പദ്ധതി വിഭാഗത്തിലാണ് പുരസ്‌കാരം. വിവിധ സംസ്ഥാനങ്ങളിൽ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളിൽ സ്തുത്യർഹ സംരംഭമെന്ന നിലയിലാണു പുരസ്‌കാരം. ഈ മാസം 17 ന് ലക്നൗവിൽ നടക്കുന്ന അർബൻ മൊബിലിറ്റി കോൺഫറൻസിന്റെ സമാപനസമ്മേളനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങും.