കൊച്ചി: അഞ്ചുമന ദേവീക്ഷേത്രത്തിൽ ഡിസംബർ 23 മുതൽ 27 വരെ നടക്കുന്ന താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 41 ദിവസം നീണ്ടുനിൽക്കുന്ന പുറപ്പറ എഴുന്നെള്ളിപ്പ് നവംബർ 17ന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഉച്ചപൂജയ്ക്ക് ശേഷം മേൽശാന്തി അനീഷ് ഡി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീ അന്നപൂർണേശ്വരീ ദേവി ക്ഷേത്രത്തിൽ നിന്ന് വാളും ചിലമ്പും ശ്രീ ഭദ്രകാളിദേവി ക്ഷേത്രത്തിലേക്കും അവിടെ നിന്ന് ശ്രീ ഭുവനേശ്വരീദേവി ക്ഷേത്രത്തിലേക്കും എഴുന്നെള്ളിക്കും. എ.വി.ഡി സമാജം പ്രസിഡന്റ് ആദ്യ നെൽപറ നിറയ്ക്കും. ശ്രീ വിശ്വകർമ്മ മണ്ഡപത്തിലെ പ്രസാദ ഊട്ടിന് ശേഷം 2ന് ഗോപുര നടയിൽ തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പുറപ്പറ കോലം പുറപ്പറ ശാന്തിമാരായ വി.എസ് സുകുമാരൻ, എം.എം മനേഷ്, എം.എം ബിജുകുമാർ എന്നിവർക്ക് കൈമാറും. തുടർന്ന് ദേവിയെ വെണ്ണല മാതരത്ത് ദേവീ ക്ഷേത്രത്തിലേക്ക് ഒന്നാം ദിവസത്തെ പറയെടുപ്പിനായി എഴുന്നെള്ളിക്കും. ഡിസംബർ 21ന് രാത്രി എഴുന്നെള്ളിപ്പ് അഞ്ചുമനയിൽ തിരിച്ചെത്തും. 21 മുതൽ 26 വരെ പാടിവട്ടത്തെ പറെടുപ്പ് നടക്കും. 27ന് പകൽപ്പൂരം.