കാലടി: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാണിക്കമംഗലം ചിറയോട് ചേർന്ന പുറമ്പോക്ക് ഭൂമിയിൽ നടത്തിവന്ന സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടനിർമ്മാണം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിന്റെ ഏഴും ആറും വാർഡുകൾ ചേരുന്ന മാണിക്കമംഗലത്തുള്ള ആയുർവേദ ആശുപത്രി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ മറ്റു പലയിടങ്ങളിലും പുറമ്പോക്ക് ഭൂമി ഉള്ളപ്പോഴാണ് മാണിക്കമംഗലം ചിറയോട് ചേർന്ന സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്ത് തിരഞ്ഞെടുത്തതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വിവിധ വാർഡുകളിലെ കുടിവെള്ള സ്രോതസായ ചിറയിൽ ഇറിഗേഷൻ പമ്പ് ഹൗസ് പ്രവർത്തിക്കുന്നുണ്ട്. ഇതിലേക്കുള്ള വഴിയും ഈ നിർമ്മാണത്തോടെ അടഞ്ഞുപോകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടത്തിന്റെ നിർമ്മാണ ചുമതലയുള്ള കെല്ലിന്റെ നിർദ്ദേശാനുസരണമാണ് ചിറയുടെ പുറമ്പോക്ക് ഭൂമി തിരഞ്ഞെടുത്തതെന്ന് വാർഡ് അംഗം ബിജു മാണിക്കമംഗലം പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കാലടി വില്ലേജിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. തണ്ണീർത്തട നിയമമനുസരിച്ച് നിർമ്മാണം നിയമ ലംഘനമാണെന്നും റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് കൈമാറുമെന്നും വില്ലേജ് ഓഫീസർ കെ. അനിൽ പറഞ്ഞു.