പറവൂർ : പറവൂർ നഗരപ്രദേശത്ത് ഹരിത പ്രോട്ടോക്കോൾ കർശനമാക്കുന്നു. പ്രകൃതിക്ക് ദോഷകരമായ ഡിസ്‌പോസിബിൾ ഗ്ലാസുകളും പ്ലേറ്റുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് തുടങ്ങിയവ ഒഴിവാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഉത്തരവുകളുടെ ഭാഗമായാണിത്. ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ 14ന് പ്രോട്ടോക്കോൾ നിലവിൽ വരും. നഗരപ്രദേശത്തെ ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ ഭക്ഷണം വാങ്ങുമ്പോൾ പാത്രം കൊണ്ടുവരുന്നവർക്ക് അഞ്ച് ശതമാനം ഇളവ് നൽകാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും നഗരസഭയുമായി ധാരണയായിട്ടുണ്ട്. പറവൂരിലെ എല്ലാ ഓഡിറ്റോറിയങ്ങളിലും ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങളിലും ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ കർശനമായി നിരോധിക്കും. നഗരസഭയിലെ സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണിസഞ്ചി നൽകും.
യോഗത്തിൽ ആക്ടിംഗ് ചെയർപേഴ്‌സൺ ജെസി രാജു, ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർമാൻ പ്രദീപ് തോപ്പിൽ, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കൗൺസിലർ ഡി. രാജ്കുമാർ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, ഓഡിറ്റോറിയം ഉടമകൾ, വ്യാപാരി - വ്യവസായി അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.