പറവൂർ : ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പ്രവർത്തിക്കുന്ന വനിതാ കമ്പ്യൂട്ടർ പരിശീലന കേന്ദ്രം മാറ്റുന്നു. കഴിഞ്ഞദിവസം ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനം. ബസ് സർവീസ് പോലും ഇല്ലാത്ത സ്ഥലമായ കണിപ്പടിക്ക് മാറ്റുന്നതിനെതിരെ പരിശീലകരും രക്ഷിതാക്കളും രംഗത്തെത്തി.
ആലങ്ങാട് കോട്ടപ്പുറത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ 2004ൽ പുതിയ കെട്ടിടം നിർമ്മിച്ച് പരിശീലനകേന്ദ്രം തുടങ്ങിയത്. കുറഞ്ഞ ചെലവിൽ സർക്കാർ അംഗീകാരത്തോടെ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുകയാണ് ലക്ഷ്യം. കടുങ്ങല്ലൂർ, വരാപ്പുഴ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തിൽ നിന്നുള്ളവർക്കാണ് പരിശീലനം നൽകിവരുന്നത്. ആലുവ -പറവൂർ റോഡിനോട് ചേർന്നുള്ള സ്ഥലത്ത് കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ എളുപ്പത്തിൽ എല്ലാ ഭാഗത്തുനിന്നുള്ളവർക്കും എത്താൻ സൗകര്യമുണ്ടായിരുന്നു. വെളിയത്തുനാട് കണിപ്പടിക്ക് വി.ഇ.ഒ. ഓഫീസിനായി പണിത കെട്ടിടം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ വെറുതെ കിടക്കുകയാണ്. ഇതിനാലാണ് പരിശീലനകേന്ദ്രം മാറ്റാൻ തിരുമാനിച്ചത്. നിലവിലുള്ള പരിശീലനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ വിശ്രമമുറിയാക്കാനാണ് തിരുമാനം.