കൊച്ചി: അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ട് കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനം യു.ഡി.എഫ് നിലനിറുത്തി. പശ്ചിമകൊച്ചിയിൽ നിന്നുള്ള കോൺഗ്രസ് അംഗം കെ.ആർ. പ്രേമകുമാർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ കെ.ജെ. ആന്റണിയെയാണ് പ്രേമകുമാർ പരാജയപ്പെടുത്തിയത്. നിലവിലെ 73 അംഗ കൗൺസിലിൽ സ്വന്തം മുന്നണിയിലെ 37 വോട്ടും യു.ഡി.എഫിന് ലഭിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ല കലക്ടർ എസ്. സുഹാസായിരുന്നു വരണാധികാരി.
കോൺഗ്രസിലെ ചേരിപ്പോര് വോട്ടായി മാറുമെന്ന ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ പിഴച്ചു. സ്വന്തം പാളയത്തിലെ വോട്ടായ 34 നപ്പുറം കൂടുതലൊന്നും നേടാൻ എൽ.ഡി.എഫിനായില്ല. ബി.ജെ.പി കൗൺസിലർമാരായ ശ്യാമളപ്രഭു, സുധ ദിലീപ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ടി.ജെ. വിനോദ് എം.എൽ.എയുടെ പിൻഗാമിയായി കെ.ആർ. പ്രേമകുമാർ ഡെപ്യൂട്ടിമേയറായി സത്യപ്രതിജ്ഞ ചെയ്തു.
സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്നു മാറ്റിയാൽ യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കോൺഗ്രസിലെ രണ്ട് വനിതാ കൗൺസിലർമാരുടെയും വോട്ട് യു.ഡി.എഫിന് കിട്ടിയതോടെ അട്ടിമറി പ്രതീക്ഷകൾ വിഫലമായി. തൃക്കാക്കര നഗരസഭയിൽ സംഭവിച്ചതുപോലെ വോട്ട് അസാധുവാകുമോയെന്ന് യു.ഡി.എഫ് ഭയപ്പെട്ടിരുന്നു. അപകടം മുന്നിൽകണ്ട് അംഗങ്ങൾക്ക് വോട്ടുചെയ്യാൻ പരിശീലനക്ലാസും വിപ്പും നൽകിയിരുന്നു.
പള്ളുരുത്തി കോണം ഡിവിഷൻ കൗൺസിലറാണ് കെ.ആർ. പ്രേമകുമാർ. ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് പുതിയ ആളെ കണ്ടെത്തേണ്ടിവന്നത്. രണ്ടര വർഷത്തിന് ശേഷം ഡെപ്യൂട്ടിമേയറാക്കാമെന്ന് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്ത് ധാരണയുണ്ടായിരുന്നെങ്കിലും പ്രേമന് സ്ഥാനം ലഭിക്കാൻ ഉപതിരഞ്ഞടുപ്പ് കഴിഞ്ഞ് ഡെപ്യൂട്ടി മേയർ സ്ഥാനമൊഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.
# പദ്ധതികൾ പൂർത്തിയാക്കും: നിയുക്ത ഡെപ്യൂട്ടി മേയർ
വെള്ളക്കെട്ട്, ഇ ഗവേണൻസ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ടി.ജെ.വിനോദ് വിഭാവനം ചെയ്ത പദ്ധതികൾ നിറവേറ്റുകയാണ് പ്രധാന ലക്ഷ്യം. 2005 -10 വരെ കൗൺസിലിൽ പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിച്ചു. 2010-15 ൽ ജില്ല ആസൂത്രണ സമിതി അംഗമായി. കഴിഞ്ഞ നാലു വർഷമായി ധനകാര്യ സമിതി അംഗമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണപ്രതിപക്ഷ ഭേദമന്യെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇനിയും അതു തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
#എന്നും പശ്ചിമകൊച്ചിക്കാരുടെ കൂടെ
നാലുവർഷം മുമ്പ് യു.ഡി.എഫ് കോർപ്പറേഷനിൽ മികച്ച വിജയം നേടിയതിനു ശേഷം എറണാകുളം ഡി.സി.സിയിൽ ചേർന്ന ആദ്യകോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നുള്ള പ്രേമന്റെ ഇറങ്ങിപ്പോക്ക് വിവാദമായിരുന്നു. പശ്ചിമകൊച്ചിക്കാരെ തുടർച്ചയായി അവഗണിക്കുന്നുവെന്നായിരുന്നു വിമർശനം. രണ്ടരവർഷത്തിനുശേഷം ഡെപ്യൂട്ടി മേയറാക്കാമെന്ന ഉറപ്പ് നൽകിയാണ് നേതൃത്വം പ്രേമനെ സമാധാനിപ്പിച്ചത്. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടത്.
#പള്ളുരുത്തി കോണം കുഴിപ്പറമ്പിൽ വീട്ടിൽ പരേതനായ ബി.കെ. രാജന്റെയും ശശികലാദേവിയുടെയും മകനാണ് കെ.ആർ. പ്രേമകുമാർ (49). ഭാര്യ രജനി പള്ളുരുത്തി എസ്.ഡി.പി.വൈ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക. മക്കൾ: കണ്ണമാലി ചിൻമയ വിദ്യാലയത്തിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി പ്രത്യുദേവ്, ആറാം ക്ളാസ് വിദ്യാർത്ഥി മനു തരുൺദേവ് . 2000 ൽ കോർപ്പറേഷൻ കൗൺസിലിലേക്ക് ആദ്യമായി മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് തുടർച്ചയായി മൂന്നു തവണയും വിജയിച്ചു.