കൊച്ചി: ആഗോള ക്രൂസ് ടൂറിസം ഭൂപടത്തിൽ സാന്നിദ്ധ്യം ശക്തമാക്കി കേരളത്തിന്റെ മുന്നേറ്റം. കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്നുള്ള ക്രൂസ് സഞ്ചാരികളുടെ എണ്ണത്തിലെ വർദ്ധന 25 ശതമാനമാണ്. 2018ൽ ആകെ ആഗോളതല ക്രൂസ് സഞ്ചാരികൾ 2.80 കോടിയായിരുന്നു. 25 ശതമാനമാണ് വർദ്ധന. ഇന്ത്യയിൽ ക്രൂസ് ടൂറിസത്തിൽ മുന്നിൽ ദക്ഷിണേന്ത്യയാണ്. ക്രൂസ് ടൂറിസം രംഗത്ത് ഇന്ത്യ വലിയ വിപണിയായി വളരുകയാണെന്ന് ഇറ്റാലിയൻ ക്രൂസ് ലൈനർമാരായ കോസ്റ്റ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയും ലോട്ടസ് ഡെസ്റ്റിനേഷൻസിന്റെ മാനേജിംഗ് ഡയറക്ടറുമായ നളിനി ഉദയ് ഗുപ്ത പറഞ്ഞു.
ഇന്ത്യൻ ക്രൂസ് ടൂറിസത്തിന്റെ നാലാം സീസണിന്റെ തുടക്കവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ, അവർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 2025ഓടെ ആഗോളതല സഞ്ചാരികളുടെ എണ്ണം നാല് കോടിയാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ഹെലികോപ്‌ടർ ടൂറിസം:
2020ൽ തുടക്കം
സംസ്ഥാനത്ത് 2020 ഓടെ ഹെലികോപ്ടർ ടൂറിസത്തിന് തുടക്കമിടുമെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്റ് ചെയർമാൻ ഡോ.എം. ബീന പറഞ്ഞു. ഇറ്റാലിയൻ ആഡംബര കപ്പലായ കോസ്‌റ്റ വിക്‌ടോറിയയുടെ ഇന്ത്യയിലെ നാലാം സീസൺ ആരംഭത്തോട് അനുബന്ധിച്ച് കൊച്ചി തുറമുഖത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ആഡംബര കപ്പലിലേറി കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികളെ, സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. ഇതു കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്ന് ഡോ.ബീന പറഞ്ഞു.
കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്രൂസ് ടെർമിനലിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. നിലവിലെ ടെർമിനലിൽ വമ്പൻ ആഡംബര കപ്പലുകൾക്ക് അടുക്കാൻ പ്രയാസമുണ്ട്. സഞ്ചാരികൾക്കായുള്ള സൗകര്യവും കുറവാണ്. ഇതു പരിഗണിച്ചാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്""
ഡോ. എം. ബീന
ചെയർമാൻ,
പോർട്ട് ട്രസ്റ്റ്, കൊച്ചി
കൊച്ചിയെ പുണർന്ന്
കോസ്റ്റ വിക്ടോറിയ
ഇറ്റലി ആസ്ഥാനമായുള്ള കോസ്റ്റ ക്രൂസ് ഗ്രൂപ്പിന്റെ ആഡംബര കപ്പൽ കോസ്‌റ്റ വിക്‌ടോറിയ ഇന്നലെ കൊച്ചിയിലെത്തി. 1400 യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മുംബയ് - കൊച്ചി പാക്കേജിന്റെ ഭാഗമായിരുന്നു യാത്ര. കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്കുള്ള പാക്കേജ് യാത്രയ്ക്ക് ഇന്നലെ കപ്പൽ തുടക്കമിട്ടു. ദക്ഷിണേന്ത്യക്കാരായ 800 പേർ യാത്രയിലുണ്ട്. ഇതിനുപുറമേ, മുംബയിൽ നിന്ന് മാലിദ്വീപിലേക്ക് യാത്ര നീട്ടിയവരും കപ്പലിലുണ്ട്. 14 നിലകളുള്ള കപ്പലാണിത്. റസ്‌റ്രോറന്റുകൾ, ബാറുകൾ, സ്പാ, ജിം, തിയേറ്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, കാസിനോ തുടങ്ങിയവയാണ് ആകർഷണങ്ങൾ. 2,394 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലാണിത്.
കൊച്ചി-മാലിദ്വീപ് ആഡംബര
കപ്പൽ സർവീസിന് തുടക്കം
കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്കുള്ള ആദ്യ ആഡംബര കപ്പൽ സർവീസിന് തുടക്കമിടുകയാണ് കോസ്‌റ്റ വികേടോറിയ. കന്നിയാത്ര ഇന്നലെ കൊച്ചിയിൽ നിന്ന് കയറിയ 800 പേർ ഉൾപ്പെടെയുള്ളവരുമായി ആരംഭിച്ചു. കൊച്ചി - മാലിദ്വീപ് നിരക്ക് നികുതി ഉൾപ്പെടെ 28,890 രൂപ മുതലാണ്. മുംബയ് - ഗോവ- ന്യൂ മാംഗ്ളൂർ - കൊച്ചി, മാലിദ്വീപ് - കൊളംബോ - മുംബയ് എന്നീ പാക്കേജുകളും ഈ സീസണിൽ കോസ്‌റ്റ വിക്‌ടോറിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വെനീസിൽ നിന്ന് ഇന്ത്യയിലെത്തിയ കപ്പൽ, അടുത്ത മാർച്ചുവരെ ഇന്ത്യൻ തീരങ്ങളിൽ സർവീസ് നടത്തും.
ഫോട്ടോ:
കൊച്ചിയിലെത്തിയ ഇറ്റാലിയൻ ആഡംബര കപ്പൽ കോസ്‌റ്റ വിക്‌ടോറിയ