കൊച്ചി : നിയമം നിലവിൽ വന്ന് മൂന്നു വർഷം കഴിഞ്ഞെങ്കിലും ജില്ലയിലെ പൊതുയിടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഭിന്നശേഷിക്കാർക്ക് ഇപ്പോഴും ബാലികേറാമല തന്നെ. സർക്കാർ ഓഫീസുകളുൾപ്പെടെ ഭിന്നശേഷി സൗഹൃദമാകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നടപ്പായിട്ടില്ല. അധികൃതരുടെ കണ്ണു തുറപ്പിക്കാൻ ജില്ലയിലെ ഭിന്നശേഷിക്കാർ പ്രചാരണ പരിപാടികൾ ആരംഭിച്ചു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ 1992 ൽ പാർലമെന്റ് പാസാക്കിയ റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ ആക്ട് പ്രകാരമാണ് നടപടികൾ സ്വീകരിക്കേണ്ടത്. 2016 ൽ കേരളത്തിലും നിയമം നടപ്പായി. നിയമപ്രകാരം നടപ്പാക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.

# ആവശ്യങ്ങൾ

സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പൊതുയിടങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേകസൗകര്യങ്ങൾ

വീൽച്ചെയറിൽ സഞ്ചരിക്കാവുന്ന പാതകൾ, നടപ്പാതകൾ

വീൽച്ചെയർ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കണം

ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ റാമ്പുകൾ സ്ഥാപിക്കണം

കെട്ടിടങ്ങളിൽ വീൽച്ചെയർ കയറ്റാവുന്ന ലിഫ്റ്റുകൾ സ്ഥാപിക്കുക

# കണ്ണടച്ച് കൊച്ചി നഗരം

ഭിന്നശേഷിക്കാരെ അവഗണിക്കുന്ന സമീപനമാണ് കൊച്ചി നഗരം സ്വീകരിക്കിക്കുന്നത്. സൗന്ദര്യവത്കരിച്ച നടപ്പാതകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാൻ സൗകര്യമില്ല. നടപ്പാതകൾക്ക് വീതിയുണ്ടെങ്കിലും വീൽച്ചെയറുകൾക്ക് കയറിയിടങ്ങാൻ സൗകര്യം പലയിടത്തുമില്ല.

സഞ്ചാരികൾ ധാരാളമെത്തുന്ന മറൈൻഡ്രൈവിൽ നടപ്പാതയിലേയ്ക്ക് കയറിയിറങ്ങാൻ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ റാമ്പുകൾ നിർമ്മിച്ചിട്ടില്ല. അനുയോജ്യമായ ശുചിമുറികളും സ്ഥാപിച്ചിട്ടില്ല.

# തമ്മിൽഭേദം ആലുവ

ജില്ലയിലെ താലൂക്ക് ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ ജില്ലാ ഭരണകൂടം നേരത്തെ ശ്രമം തുടങ്ങിയെങ്കിലും ആലുവ മാത്രമാണ് മാതൃക കാട്ടിയത്. ആലുവയിൽ വീൽച്ചെറുകൾ സഞ്ചരിക്കാവുന്ന റാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് ആറു താലൂക്ക് ഓഫീസുകളിലും ഇത്തരം സൗകര്യങ്ങളില്ല.

# പ്രചാരണം ആരംഭിച്ചു

പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാതല പ്രചാരണം ആരംഭിച്ചു. തണൽ പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി കെ.കെ ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, ബ്ലഡ് ഡോണേഴ്‌സ് കേരള കൺവീനർ വിനു നായർ, കെ.എ അൻസാരി, മണിശർമ്മ, ദിപാമണി, ഡൊമിനിക് പയ്യപ്പിള്ളി, ജില്ലാ സെക്രട്ടറി കെ.ഒ ഗോപാലൻ, ടി.ഒ. പരീത് എന്നിവർ പ്രസംഗിച്ചു.

# നിയമം കാര്യക്ഷമമാക്കണം
ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും വിദ്യാഭ്യാസ തൊഴിൽ അവസരങ്ങളും ഉറപ്പാക്കാൻ ഭിന്നശേഷി അവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കണം. നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തണം. ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുയിടങ്ങളും കെട്ടിടങ്ങളും ഭിന്നശേഷി അവകാശ നിയമപ്രകാരം ഭിന്നശേഷി സൗഹൃദമാക്കണം.

കെ.കെ ബഷീർ

ജനറൽ സെക്രട്ടറി

തണൽ പാലിയേറ്റീവ് കെയർ

# സൗകര്യങ്ങൾ അനിവാര്യം

ഭിന്നശേഷിക്കാർക്ക് പൊതുയിടങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സർക്കാർ ഓഫീസുകളിലുൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തണം.

രാജീവ് പള്ളുരുത്തി

ജനറൽ സെക്രട്ടറി

കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ