ഭുവനേശ്വറിൽ ₹120 കോടി ചെലവഴിച്ച് പുതിയ പാർക്ക്
കൊച്ചി: വണ്ടർലയുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ഫാസ്ട്രാക്ക് അനുമതിയോടെ പ്രവേശനവും നക്ഷത്ര ഹോട്ടലുകളിൽ താമസവും ഉറപ്പാക്കുന്ന 'വണ്ടർ ക്ളബ്" മെമ്പർഷിപ്പ് കാർഡുകൾ വണ്ടർല സ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൊച്ചിയിൽ പുറത്തിറക്കി. ഗോൾഡ്, ഡയമണ്ട് എന്നീ രണ്ടുതരം കാർഡുകളിൽ ഗോൾഡിന് മൂന്നു വർഷവും ഡയമണ്ടിന് ആറുവർഷവുമാണ് കാലാവധി.
പദ്ധതിക്കായി കൊച്ചിയിലെ മികച്ച സ്റ്രാർ ഹോട്ടലുമായി കരാർ ഒപ്പുവച്ചുവെന്ന് വണ്ടർല ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ് പറഞ്ഞു. വണ്ടർല കൊച്ചിയിൽ സന്ദർശകർക്കായി തുറന്ന പുതിയ റൈഡായ വെർച്വൽ റിയാലിറ്റി കോസ്റ്ററിന്റെ ഉദ്ഘാടനവും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വാട്ടർ റൈഡായ ഫ്യൂഷൻ സ്ലൈഡും നെറ്റ്‌വാക്കും സന്ദർശകർക്കായി തുറന്നുകൊടുത്തു.
ചെന്നൈ ഒ.എം.ആർ റോഡിൽ കേളമ്പാക്കത്തിന് സമീപം 60 ഏക്കറിൽ വണ്ടർലയുടെ നാലാമത്തെ പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പുതിയ സംരംഭം എന്ന നിലയിൽ തമിഴ്നാട് സർക്കാർ നികുതി ഇളവ് അനുവദിച്ചിട്ടുണ്ടെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ പുതിയ പാർക്കിനുള്ള പ്രാരംഭ പഠനങ്ങൾ തുടങ്ങി. സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് 120 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.
സുരക്ഷയ്ക്ക് അന്താരാഷ്ട്ര ഏജൻസിയായ ടി.യു.വിയുടെ നേതൃത്വത്തിൽ പാർക്കിലെ റൈഡുകളിൽ സുരക്ഷ പരിശോധനകൾ നടത്തുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐ.എസ്.ഒ 14001, സുരക്ഷയുമായി ബന്ധപ്പെട്ട ഒ.എച്ച്.എസ്.എ.എസ് 18001 സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും കൊച്ചൗസേപ്പ് ചിറ്രിലപ്പിള്ളി പറഞ്ഞു.