kada
കൈവരികൾ തുരുമ്പെടുത്ത് നശിക്കുന്നു

കിഴക്കമ്പലം: കോടികൾ മുടക്കി തുടങ്ങിയ ടൂറിസം പദ്ധതിയിലേയ്ക്ക് സഞ്ചാരികളെത്തുന്നില്ല. സാമൂഹ്യ വിരുദ്ധരും,കമിതാക്കളും ,രാത്രിയിൽ മദ്യപരും കൈയടക്കിയ കടമ്പ്രയാറിനെ ഇനി ആരു രക്ഷിയ്ക്കും ?.

കൊച്ചി നഗരാതിർത്തിയിൽ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായാണ് കടമ്പ്രയാർ ടൂറിസം പദ്ധതി. പ്രകൃതി രമണീയമായ ഈ പ്രദേശം വേണ്ട രീതിയിൽ പ്രയോജനപെടുത്തിയാൽ ഇനിയും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.

ഇരുകരകളിലുമായി ഇപ്പോൾ കാണുന്നത് നിരവധി ഐ.ടി. ഹബ്ബുകളായി മാറിയ ഇൻഫോപാർക്ക്, സ്മാർട് സി​റ്റി, കിൻഫ്ര വ്യവസായ പാർക്ക്, ഫ്ലാറ്റ്,ഹോട്ടലുകളും എന്നു വേണ്ട നിർമ്മിതികൾ നിരവധി.രാജഗിരിക്കടുത്തുള്ള കോഴിച്ചിറ ബണ്ട് മുതൽ മനക്കക്കടവ് പാലത്തിനപ്പുറം വരെ നീണ്ടു നിവർന്നു കിടന്ന കടമ്പ്രയാറിന്റെ ആഴവും പരപ്പും അപാരമെന്നേ പറയാനാവൂ. കടമ്പ്രയാർ ടൂറിസം പദ്ധതിക്ക് പ്രഥമ പരിഗണനയെന്ന് പ്രഖ്യാപിച്ച ജനപ്രതിനിധികളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലെന്നും ആക്ഷേപം.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നടത്തിപ്പ് ചുമതല.

സ്ഥലം എം.എൽ.എ യും കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റുമാരും ചേർന്നുള്ള ഡി.എം.സി യ്ക്കാണ് മേൽ നോട്ടം.

#പദ്ധതി എങ്ങുമെത്തിയില്ല

വില്ലേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായ സൗകര്യങ്ങളോടെ കോട്ടേജുകൾ, പാർക്ക്, പാർക്കിംഗ് ഏരിയ, മൾട്ടിപ്ലക്‌സ് തീയ​റ്റർ, കൺവൻഷെൻ സെന്റർ എന്നിവ ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയെങ്കിലും പദ്ധതി ഫയലിൽ ഉറങ്ങി.

●ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകൾ വെറുതെ കിടന്ന് നശിക്കുന്നു

●നടപ്പാതയുടെ കൈവരികൾ തുരുമ്പിച്ച് തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ്

●നീരൊഴുക്ക് നിലച്ചതോടെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ല

●ഇവിടത്തെ തൂക്കുപാലം വേണ്ട നിലയിൽ അ​റ്റകു​റ്റപ്പണി ഇല്ലാത്തതിനാൽ തുരുമ്പെടുക്കുന്നു

●വികസനത്തിന്റെ ഭാഗമായി രണ്ടാമത് നിർമ്മിച്ച തൂക്കു പാലവും തുരുമ്പെടുത്ത് നശിക്കുന്നു

●ബോട്ടിംഗ് സെന്ററിന്റെ പ്രവർത്തനം നിലച്ചതിനാൽ വിനോദസഞ്ചാരികളും കുറവായി

● കടമ്പ്രയാറിൽ വെളിച്ചമില്ല. സോളാർ ലൈറ്റുകൾ നടപ്പാതയിലും, ടൂറിസം കേന്ദ്രത്തിലും സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. പദ്ധതി നടപ്പായില്ല.

●സമീപത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികളെല്ലാം പാളി