ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മണ്ഡല മകരവിളക്കുമഹോത്സവം 16ന് വൈകിട്ട് 6ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.കെ. ശിവരാജൻ ഉദ്ഘാടനം ചെയ്യും. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശുദ്ധിക്രിയകൾ നടക്കും.1 മുതൽ 41 ദിവസവും വെളുപ്പിന് 3.30 ന് നടതുറക്കും.

17 മുതൽ 25 വരെ ആലപ്പാട്ട് അമ്മിണി അമ്മയുടെ നേതൃത്വത്തിൽ ദേവീഭാഗവത നവാഹം, 25 മുതൽ ഗോപി വാര്യരുടെ അയ്യപ്പഭാഗവതം, 29 മുതൽ പ്രഭാവതി അമ്മയുടെ ദേവീഭാഗവതം, 8ന് രാജേശ്വരിയുടെ നാരായണീയം, 9ന് ഭൂതനാഥോപാഖ്യാനം, 10ന് കാർത്തിക അഖണ്ഡനാമജപം, 11 മുതൽ വടക്കേമം വിജയവർദ്ധനന്റെ ഭാഗവതസപ്താഹം, 18 മുതൽ ദേവീഭാഗവതം കിളിപ്പാട്ട്, 21 മുതൽ ഭാഗവതം തുടങ്ങി ജനുവരി 14 വരെ രാവിലെ 6 മുതൽ വിവിധ പാരായണ, പ്രഭാഷണങ്ങൾ നടക്കും. ഡിസംബർ 9 മുതൽ 12 വരെ വിപുലമായ പരിപാടികളോടെ തൃക്കാർത്തിക മഹോത്സവം നടക്കും.

മണ്ഡല മകരവിളക്ക് മഹോത്സത്തിനെത്തുന്ന അയ്യപ്പന്മാർക്ക് വിരിവയ്ക്കുന്നതിന് കല്യാണമണ്ഡപം, നവരാത്രി മണ്ഡപം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ ലഘുഭക്ഷണം, ഉച്ചയ്ക്ക് അന്നദാനം രാത്രി കഞ്ഞി വിതരണവും നടക്കും. വടക്കേപൂരപ്പറമ്പിലും തെക്കുഭാഗത്തും പാർക്കിംഗ്. ഇപ്പോഴുള്ള പ്രാഥമിക ശൗചാലയങ്ങൾക്കു പുറമേ 12 ഇ ടോയ് ലെറ്റുമുണ്ടാകും. കുടിവെള്ള വിതരണവുമുണ്ടാകും. സുരക്ഷയുടെ ഭാഗമായി പൊലീസുകാർക്കൊപ്പം 30 സെക്യൂരിറ്റി ജീവനക്കാരുമുണ്ടാകും. സൗജന്യ മെഡിക്കൽ സൗകര്യം, ഹെൽത്ത് വിഭാഗ നിരീക്ഷണം, ആംബുലൻസ് സൗകര്യം എന്നിവയും ഉണ്ടാകും. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ അനുവദിക്കില്ല. ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കും.