തൃക്കാക്കര : വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച ശേഷം സ്ത്രീകളെ പുരുഷൻമാർ ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികൾ വർദ്ധിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ പറഞ്ഞു. കളക്ടറേറ്റിലെ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. വിവാഹേതര ബന്ധങ്ങൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയാണ്. ചാരിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. പൊലീസുകാർ പ്രതികളായ ഗാർഹീക പീഡന കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്ന യുവതി ഒപ്പമുണ്ടായിരുന്നയാൾ തന്റെ സർട്ടിഫിക്കറ്റുകൾ പിടിച്ചു വച്ചിരിക്കുകയാണെന്ന പരാതിയുമായി കമ്മീഷന് മുന്നിലെത്തി. സർട്ടിഫിക്കറ്റുകൾ ഉടൻ ഫോർട്ട് കൊച്ചി പാെലീസിന് കൈമാറാൻ കമ്മീഷൻ നിർദ്ദേശം നൽകി.
മട്ടന്നൂർ സ്വദേശിനിയായ വൃദ്ധയിൽ നിന്നും കാലടി മാണിക്യ മംഗലത്തെ ചാരിറ്റി സ്ഥാപന നടത്തിപ്പുകാരൻ കബളിപ്പിച്ച് 22 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ തുക 3 ഗഡുക്കളായി വൃദ്ധക്ക് മടക്കി നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിൽ ഒരു ലക്ഷം രൂപ അദാലത്തിൽ കൈമാറി. അടുത്ത ഗഡുവായ 7 ലക്ഷം രൂപ 2020 ഫെബ്രുവരി ആദ്യവാരം നടക്കുന്ന അദാലത്തിൽ കൈമാറാനും ധാരണയായി.

സജിത മഠത്തിലിനെ ആക്ഷേപിച്ച സംഭവം; കർശന നടപടിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം

നടി സജിത മഠത്തിലിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷനിടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പാെലീസിന് കൈമാറിയത്.