ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം പൊതുപ്രവർത്തകന് ലഭിച്ച മറുപടിയിൽ പൊരുത്തക്കേട്.

ടെർമിനൽ നിർമ്മാണ ചുമതല പി.ഡബ്‌ളിയു.ഡിയുടെ ഏത് ഓഫീസിനാണെന്നും എസ്റ്റിമേറ്റ് തുക എത്രയാണെന്നും ചോദിച്ചാണ് വിവരാവകാശ പ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളി കെ.എസ്.ആർ.ടി.സിക്കും പൊതുമരാമത്ത് വകുപ്പിനും അപേക്ഷ നൽകിയത്. ഇരുവിഭാഗവും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്. കെ.എസ്.ആർ.ടി.സി നൽകിയ മറുപടിയിൽ നിർമ്മാണ ചുമതല സൂപ്രണ്ടിംഗ് എൻജിനിയറുടെകാര്യാലയം, പൊതുമരാമത്ത് വകുപ്പ് മദ്ധ്യമേഖല, തൃശൂർ എന്നും എസ്റ്റിമേറ്റ് തുക 5,89,60,000 രൂപയെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ നിന്ന് ലഭിച്ച മുപടിയിൽ പി.ഡബ്‌ളിയു.ഡി കെട്ടിട വിഭാഗത്തിന്റെ എറണാകുളം ഡിവിഷന് കീഴിൽ സ്‌പെഷ്യൽ ബിൾഡിംഗ്‌സ് സബ് ഡിവിഷൻ ഇടപ്പിള്ളി എന്നും എസ്റ്റിമേറ്റ് തുക 5,60,28,216 രൂപയെന്നുമാണ് മുപടി. അപേക്ഷകന് ശരിയായ വിവരം തരാതെയും, വിവരാവകാശനിയമത്തെ നിസാരവത്കരിക്കുകയും ചെയ്ത പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്കെതിരെ നടപടി സ്ഥീകരിക്കണമെന്ന് സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർക്ക് ഖാലിദ് മുണ്ടപ്പിള്ളി പരാതി നൽകി.