ഫോർട്ട് കൊച്ചി: മട്ടാഞ്ചേരിയിലെ മലഞ്ചരക്ക് വ്യാപാരങ്ങളും ടൂറിസവും കഴിഞ്ഞ മഴക്കെടുതിയിൽ തകർന്നിട്ടും സംസ്ഥാന നികുതി വകുപ്പ് അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ ചേംബർ പ്രസിഡന്റ് സണ്ണി.എൽ.മലയിൽ പറഞ്ഞു. ജി.എസ്.ടി.നിലവിൽ വന്നപ്പോൾ മറ്റു നികുതികൾ ഇല്ലാതാക്കുമെന്ന വ്യാപാര മേഖലയുടെ പ്രതീക്ഷക്ക് വിരുദ്ധമായി പലതരത്തിലുള്ള ലെവി അവരുടെ മേൽ ചുമത്തപ്പെടുന്ന അവസ്ഥയാണ്. ഇല്ലാത്ത വാറ്റ് ബാദ്ധ്യതകൾ നിരത്തി വ്യവസായങ്ങളെ തകർക്കുന്ന നിലപാട് ഉപേക്ഷിക്കണം. ഫോർട്ടുകൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേ വ്യവസായങ്ങളും ഇതേ വിഷമതകൾ അനുഭവിച്ചു വരികയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക നടപടികൾ പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിര നടപടി സ്വീകരിക്കണം. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നെതർലാന്റ് സർക്കാരിന്റെ സഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നടപ്പാക്കുന്ന കനാൽ നവീകരണ പദ്ധതിയിൽ കൽവത്തി- രാമേശ്വരം കനാൽ ശുചീകരണം ഉറപ്പാക്കണം. ഫോർട്ടുകൊച്ചി കടപ്പുറം ശുചീകരണത്തിന് സ്ഥിരം സംവിധാനം ഒരുക്കണം. മട്ടാഞ്ചേരിയിലെ ജലഗതാഗതം കാര്യക്ഷമമാക്കണം. കൊച്ചി തുറമുഖ വാർഫിൽ നിന്ന് വല്ലാർപാടം ടെർമിനലിലേക്ക് നേരത്തെ നടത്തിയിരുന്ന റോ റോ സർവീസ് പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സെക്രട്ടറി അനു ജോസഫ് മുൻ പ്രസിഡന്റ് മധുസൂധനൻ എന്നിവർ പങ്കെടുത്തു.