# എസ്.എച്ച്.ഒയെ നിയമിക്കാത്തതിനെതിരെ കോൺഗ്രസ് ധർണ
ആലുവ: കൊലപാതകങ്ങളും അക്രമസംഭവങ്ങളുമെല്ലാം ആലുവയിൽ തുടർക്കഥയായിട്ടും ആലുവ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒയെ നിയമിക്കാത്തതിൽ പ്രതിഷേധം വ്യാപകമായി. എസ്.എച്ച്.ഒയെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്റ്റേഷന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.
പൊലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാം, എം.ടി. ജേക്കബ്, വൈസ് ചെയർപേഴ്‌സൺ സി. ഓമന, ജോസി പി. ആൻഡ്രൂസ്, പി.ബി. സുനീർ, മുഹമ്മദ് ഷഫീക്, അജ്മൽ കാമ്പയി, ഹസിം ഖാലിദ് എന്നിവർ സംസാരിച്ചു.
ഇത് സംബന്ധിച്ച് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് എസ്.എച്ച്.ഒയെ ഉടൻ നിയമിക്കുമെന്ന് പൊലീസ് ഉന്നതർ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. ആലുവ സ്റ്റേഷൻ പരിധിയിൽ അടുത്തിടെ കൊലപാതകങ്ങളും മോഷണവും പിടിച്ചുപറിയും നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു കേസിന് പിന്നാലെ പോകുമ്പോൾ അടുത്തകേസ് എന്നതാണ് അവസ്ഥ. എന്നിട്ടും ജില്ലാ പൊലീസ് ആസ്ഥാനം ഇരിക്കുന്ന ആലുവയിൽ എസ്.എച്ച്.ഒ കസേര ഒഴിഞ്ഞുകിടക്കുകയാണ്. അടുത്തിടെ എസ്.ഐയായി ചുമതലയേറ്റയാൾ ഒടുവിൽ സി.ഐ റാങ്കിലുള്ളവർക്കായി നീക്കിവച്ച ആലുവ ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ ചുമതല ഏറ്റെടുത്തു. അദ്ദേഹവും ഇപ്പോൾ അവധിയിലാണ്. ഇതേത്തുടർന്ന് ആലുവയിൽ രണ്ടാഴ്ച മുമ്പ് നടന്ന കൊലക്കേസ് ഉൾപ്പെടെ ആലങ്ങാട് പൊലീസാണ് അന്വേഷിക്കുന്നത്.