രണ്ടു മാസത്തിനുള്ളിൽ റീ ടാർ ചെയ്യണം
കൊച്ചി : എറണാകുളം മാർക്കറ്റ് റോഡിന്റെ ദുരവസ്ഥയും ട്രാഫിക് പ്രശ്നങ്ങളും പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡും ഗതാഗതക്കുരുക്കും നിമിത്തം മാർക്കറ്റ് റോഡിലൂടെയുള്ള യാത്ര ദു:സഹമാണെന്ന് ചൂണ്ടിക്കാട്ടി മാർക്കറ്റിലെ വ്യാപാരികളായ ബാബു ആന്റണി, ഐ.എൻ. അഭിലാഷ് എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിംഗ് നിമിത്തം കാൽനട യാത്രപോലും അസാദ്ധ്യമാണെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളുമൊക്കെയുള്ള പ്രധാന റോഡാണിതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സിംഗിൾ ബെഞ്ച് അടിയന്തര നിർദ്ദേശങ്ങൾ നൽകിയത്. കൊച്ചി കോർപ്പറേഷന്റെ പരിധിയിലുള്ള മാർക്കറ്റ് റോഡിന്റെ ദുരവസ്ഥ ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽ പെടാതിരുന്നത് അപഹാസ്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് സ്ളാബുകൾ തകർന്നു കിടക്കുന്നത് ഗുരുതരമായ പ്രശ്നമാണ്. മറ്റൊരു വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കൊച്ചിയുടെ കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്ന സാഹചര്യമായതിനാൽ കൂടുതൽ പറയുന്നില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. മാർക്കറ്റ് റോഡിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ സമാന്തര പാർക്കിംഗ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ട്രാഫിക് നിയമ ലംഘനത്തെ തുടർന്ന് 163 പെറ്റി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
പൊലീസിനുള്ള നിർദ്ദേശങ്ങൾ
മാർക്കറ്റ് റോഡിന്റെ ഒരുവശത്ത് നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കണം.
റോഡിന്റെ മറുവശത്ത് സമാന്തര പാർക്കിംഗിന് വഴിയൊരുക്കണം.
രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നത് തടയണം
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതിയോടെ ഇതു നടപ്പാക്കണം.
ഇക്കാര്യങ്ങൾ സിറ്റി പൊലീസ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും ഉറപ്പാക്കണം.
നഗരസഭയ്ക്കുള്ള നിർദ്ദേശങ്ങൾ
മാർക്കറ്റ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള പൊളിഞ്ഞ സ്ളാബുകൾ മാറ്റി പുതിയതു സ്ഥാപിക്കണം.
മാർക്കറ്റ് റോഡ് രണ്ടു മാസത്തിനകം റീ ടാർ ചെയ്ത് യാത്രായോഗ്യമാക്കണം.
ഇക്കാര്യങ്ങൾ നഗരസഭാ സെക്രട്ടറി ഉറപ്പാക്കണം.