കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ പൊളിച്ചു പണിയും മുമ്പ് ഭാര പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനിയേഴ്സ് ഉൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റിയത്.
ഇ. ശ്രീധരന്റെ നിർദ്ദേശ പ്രകാരമാണ് ഭാരപരിശോധന (ലോഡ് ടെസ്റ്റ്) നടത്തി ഫ്ളൈ ഒാവറിന്റെ ബലക്ഷയം വിലയിരുത്താതെ പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചതെന്നും ഇതു നിലവിലുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഭാരപരിശോധന നടത്തുന്നതിലൂടെ സർക്കാരിന് നഷ്ടമുണ്ടാവില്ല. നിർമ്മാണ കമ്പനിയോട് ഇതിന്റെ ചെലവു വഹിക്കാൻ നിർദ്ദേശിക്കാവുന്നതാണെന്നും ഭാര പരിശോധനനടത്താത്തതു സർക്കാരിന്റെ വീഴ്ചയാണെന്നും ഹർജിക്കാർ വാദിച്ചു. ഭാര പരിശോധന നടത്താനാവാത്ത തരത്തിൽ ഫ്ളൈഒാവറിൽ വിള്ളലുകളുണ്ടെന്നും ഇൗ സാഹചര്യത്തിൽ വിദഗ്ദ്ധോപദേശം കണക്കിലെടുത്ത് പൊളിച്ചുപണിയാൻ തീരുമാനിക്കുകയായിരുന്നെന്നും സർക്കാർ വിശദീകരിച്ചിരുന്നു.