കൊച്ചി: ഭിന്നശേഷിക്കാരും ഗുരുതര രോഗബാധിതരുമായ കുട്ടികളുടെ ചികിത്സാസഹായാർഥം ആസ്റ്റർ സിക് കിഡ്‌സ് ഫൗണ്ടേഷനും (ആസ്‌ക്) ആസ്റ്റർ കൈൻഡും (കിഡ്‌സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്) സംയുക്തമായി ഇന്ന് സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു. കളമശേരി മെഡിക്കൽ കോളേജിന് സമീപമുള്ള സമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി കെ.എസ്. ചിത്ര നയിക്കും. സംഗീത സംവിധായകൻ ബിജിബാൽ, യുവഗായകരായ കെ.കെ. നിഷാദ്, രൂപ രേവതി, നിരഞ്ജ് സുരേഷ്, സുകേഷ് കുട്ടൻ തുടങ്ങിയവരും ചിത്രയ്‌ക്കൊപ്പം വേദിയിൽ അണിനിരക്കും. സംഗീതനിശയിലൂടെ സമാഹരിക്കുന്ന തുക നിരാലംബരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. മുന്നൂറോളം കുട്ടികളുടെ ചികിത്സാർത്ഥം രണ്ട് കോടിയോളം രൂപയാണ് ഇന്ത്യയിലെ വിവിധ ആശുപത്രികളിലായി കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് ആസ്റ്റർ സിക് കിഡ്‌സ് ഫൗണ്ടേഷൻ ചെലവഴിച്ചത്.