കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റുകൾ നിർമ്മിച്ചുവിറ്റ് തട്ടിപ്പുനടത്തിയ കേസിൽ അറസ്റ്റിലായ ഹോളി ഫെയ്‌ത്ത് ഫ്ളാറ്റ് കമ്പനിയുടമ സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.ഇ. ജോസഫ് എന്നിവർ നൽകിയ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തീരപരിപാലന നിയമ പ്രകാരം നിയന്ത്രണമുള്ള മേഖലയിലാണ് നിർമ്മാണമെന്ന് തെളിയിക്കാൻ നഗരസഭയുടെ പക്കൽ രേഖകളില്ലെന്നായിരുന്നു ജാമ്യ ഹർജിയിലെ വാദം. എന്നാൽ തീരനിയന്ത്രണ മേഖലയിലാണ് നിർമ്മാണമെന്ന് കണ്ടെത്തിയാണ് ഫ്ളാറ്റുകൾ പൊളിച്ചുകളയാൻ സുപ്രീംകോടതി ഉത്തരവിട്ടതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിജിലൻസ് വാദിച്ചു. തുടർന്നാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്. ആൽഫ വെഞ്ച്വേഴ്സ് ഉടമ പോൾ രാജ് ഇതേ കേസിൽ നൽകിയ ജാമ്യാപേക്ഷ വിജിലൻസ് കോടതി നവംബർ 20 ന് പരിഗണിക്കും.