തൃശൂർ: കുതിരാനിൽ പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി ദേശീയപാതയിൽ ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വഴി തിരിച്ചുവിടും. കേബിൾ സ്ഥാപിക്കൽ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഒരു മാസത്തേക്കാണ് ഈ രീതിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. നിലവിൽ ടാറിംഗ് നടന്ന ഭാഗങ്ങൾ പൊളിച്ച് കുഴിയെടുക്കാൻ അനുവദിക്കില്ല. ശരാശരി 47,000 ഓളം വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി പോകുന്നത്. ശബരിമല തീർത്ഥാടന സീസൺ അടുത്തതിനാൽ ഗതാഗതം ഇനിയും വർദ്ധിക്കും. ഈ സാഹചര്യത്തിൽ കേബിൾ സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത രീതിയിൽ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പാലക്കാട്, എറണാകുളം ജില്ലാ കളക്ടർമാരെ ഉൾപ്പെടുത്തി വിപുലമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.