കൊച്ചി: റോഡിലെ കുഴികൾക്ക് ഉടൻ പരിഹാരം കാണണമെന്ന് പറഞ്ഞ് ഹൈക്കോടതി നഗരസഭയുടെ ചെവിയ്ക്ക് പിടിച്ചത് കഴിഞ്ഞ ദിവസമാണ്. അത്രയ്ക്ക് ദുരിതമാണ് നഗരത്തിലെ റോഡുകളുടെ അവസ്ഥ. എം.ജി.റോഡ്, പാലാരിവട്ടം, തമ്മനം, ചങ്ങമ്പുഴ പാർക്ക്, തേവര,ദേശാഭിമാനി റോഡ്, കലൂർപേരണ്ടൂർ റോഡ്, തേവര പണ്ഡിറ്റ് കറുപ്പൻ തുടങ്ങി എല്ലാ പ്രധാന റോഡുകളിലും എണ്ണിയാൽ തീരാത്തത്ര കുഴികളാണ്. വാഴക്കാലയിൽ റോഡിന്റെ ഒരു ഭാഗം തന്നെ തകർന്നു കിടക്കുന്നു. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള വഴിയിലെ ഭീമൻ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന്റെ പരിസരം മുഴുവനും കുഴികൾ മാത്രം. തേവരയിലെ റോഡിൽ കുഴിയും റോഡും തമ്മിൽ തിരിച്ചറിയാൻ കഴിയില്ല.
# നാണക്കേടായി തേവര പണ്ഡിറ്റ് കറുപ്പൻറോഡ്
തേവര പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ സഞ്ചരിച്ചാൽ ആസ്തമ മാത്രമല്ല നടുവേദനകൂടി ബോണസായി കിട്ടും. ജീവൻ തുലാസിൽ വച്ചാണ് ഇരുചക്രവാഹനക്കാരുടെ സവാരി. തേവര ജംഗ്ഷൻ മുതൽ തേവര ഫെറി വരെയുള്ള ഒരു കി.മീറ്ററോളം വരുന്ന തിരക്കേറിയ റോഡാണ് തകർന്നു കിടക്കുന്നത്. 'അമൃതം' പദ്ധതിപ്രകാരമുള്ള പുതിയ പൈപ്പ്‌ലൈൻ ഇടുന്നതിനായി റോഡിന്റെ ഇരുഭാഗത്തും കുഴിയെടുത്തതാണ് റോഡ് തകരാൻ കാരണം. ഇതിനുശേഷം കുഴി മണ്ണുകൊണ്ട് മൂടി. പിന്നീട് റോഡ് ടാർ ചെയ്തില്ല.
# ദുരിതം തുടങ്ങിയിട്ട് ഒരു വർഷം
കഴിഞ്ഞ ജനുവരിയിലാണ് പൈപ്പ് ഇടുന്നതിനായി പണ്ഡിറ്റ് കറുപ്പൻ റോഡിൽ കുഴിയെടുത്തത്. കുഴിയെടുത്ത് പൈപ്പിട്ടെങ്കിലും പിന്നീട് ഇതിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ കൊടുക്കുന്ന ജോലികൾ നാളുകളോളം നീണ്ടു. പിന്നീട് ടാർചെയ്യാൻ തീരുമാനിച്ചപ്പോഴാണ് ലോക്‌സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. റോഡ് ടാർചെയ്യാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ പെരുമാറ്റച്ചട്ട കാലാവധി തീരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.
റോഡ് ടാർ ചെയ്യുന്നതിന് കരാർ 1.64 കോടി രൂപ
#കളക്ടറുടെ വാക്ക് പാഴായി
കളക്ടറായി ചാർജെടുത്തതിന് പിന്നാലെ ജൂൺ 26ന് തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ മിന്നൽ സന്ദർശനം നടത്തിയ എസ്.സുഹാസ് 25 ദിവസത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കണമെന്ന് കർശനനിർദേശം നൽകിയെങ്കിലും നടപ്പായില്ല. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണക്കാരായ ജല അതോറിട്ടിയുടെ ഓഫീസിലേക്ക് മേയർ സൗമിനി ജെയിനും അന്ന് എം.എൽ.എയായിരുന്ന ഹൈബി ഈഡനും പ്രതിഷേധവുമായെത്തിയതും വാർത്തയായി.
# പൊലീസ് സഹകരിക്കണം: മേയർ
മഴ ഇത്തിരി മാറിനിന്നതിനാൽ കഴിഞ്ഞ ദിവസം റോഡു പണി ആരംഭിച്ചു . റോഡിന്റെ ഒരു ഭാഗത്തായി ഗതാഗതം ക്രമീകരിച്ച് പകൽ പണി തീർക്കാമെന്ന് കരുതിയെങ്കിലും കളക്ടർ അനുമതി നൽകുന്നില്ല. രാത്രി 11 ന് പണി ആരംഭിക്കാനാണ് പൊലീസിന്റെ നിർദേശം. എന്നാൽ ആ സമയത്ത് മഴ പെയ്താൽ പണിയെല്ലാം കുളമാകും. മുഴുവൻ റോഡുകളുടെയും ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.