കൊച്ചി: ആയിരങ്ങൾക്ക് ജീവൻരക്ഷാ മാർഗങ്ങൾ പകർന്നുനൽകുന്ന 'ഹാർട്ട്ബീറ്റ്‌സ്' നാളെ (ശനി) നെടുമ്പാശേരിയിലെ സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള ജീവൻരക്ഷാ ഉപാധിയായ സി.പി.ആർ അഥവാ കാർഡിയോപൾമൊണറി റെസസിറ്റേഷനിൽ കൂട്ടപരിശീലനം നൽകുന്ന പരിപാടിയാണ് ഹാർട്ട് ബീറ്റ്സ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊച്ചി ഘടകവും എറണാകുളം ജില്ലാ ഭരണകൂടവും ഏഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായാണ് ഹാർട്ട് ബീറ്റ്‌സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ ഒൻപതിന് ആരംഭിച്ച് എട്ടു മണിക്കൂറോളം തൂടർച്ചയായി നടക്കുന്ന പരിശീലനത്തിൽ ജില്ലയിലെ 350 സ്‌കൂളുകളിൽ നിന്നുമുള്ള ഒൻപതു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ 35,000 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പരിപാടി വിലയിരുത്തുന്നതിനായി ഗിന്നസ് വേൾഡ് റെക്കാഡ്‌സ്, ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡ്‌സ് അധികൃതരുമുണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. സുഹാസ്, ഐ.എം.എ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ എന്നിവർ അറിയിച്ചു. ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ സെഷൻസ് ജഡ്ജിയുമായ ഡോ. കൗസർ എടപ്പാഗത്ത് അധ്യക്ഷത വഹിക്കും. ഡോ. ജുനൈദ് റഹ്മാൻ പദ്ധതിയുടെ ആശയാവതരണം നടത്തും.
2016ൽ ചെന്നൈ സവിത യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിശീലന യത്‌നത്തിൽ എട്ടു മണിക്കൂർ എട്ടു മിനിറ്റിൽ 28,015 പേർക്ക് സി.പി.ആർ പരിശീലനം നൽകിയിരുന്നു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം ജോൺ, സിയാൽ എം.ഡി വി.ജെ കുര്യൻ, കെൽസ മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ്, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സലീന വി.ജി നായർ, ഐ.എം.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്, ഐ.എം.എ കൊച്ചിൻ പ്രസിഡന്റ് ഡോ.രാജീവ് ജയദേവൻ, കെ.എസ്.എഫ്.ഇ ഡയറക്ടർ അഡ്വ.വി.കെ പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.