മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിൽ അഴിമതിയും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണയും നടത്തി. പായിപ്ര കവലയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽപൊലീസ് തടഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം വി.എം.നവാസ് അദ്ധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ഭരിക്കുന്ന പായിപ്ര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ലീഗ് ഭിന്നതെയെ തുടർന്ന് ഭരണസ്തംഭനമാണെന്ന് ആരോപി​ച്ചാണ്സമരം. മാലിന്യ നിർമ്മാർജ്ജന പ്രശ്‌നത്തിന് പരിഹാരം കാണാൻ സംസ്ഥാന ശുചിത്വമിഷൻ അനുവദിച്ച 10ലക്ഷം രൂപ ഒന്നര വർഷം കഴിഞ്ഞിട്ടും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഏറെ ഗുണകരമാകുന്ന ബഡ് സ്‌കൂൾ ഇനിയും ആരംഭിക്കാൻ ഭരണസമിതിയ്ക്ക് കഴിഞ്ഞിച്ചില്ല. പഞ്ചായത്ത് ഭരണസമിതി പായിപ്ര കവലയോട് അവഗണന തുടരുകയാണ് , പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്നും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് വി.എച്ച്. ഷഫീഖ് പറഞ്ഞു.