വാഴക്കുളം: സിബിഎസ്ഇ സംസ്ഥാന സ്‌കൂൾ കലോത്സവം ഇംഗ്ലീഷ് വിഭാഗം സ്‌കിറ്റ് മത്സരത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിന് ഒന്നാം സ്ഥാനം. ഉണ്ണി ആറിന്റെ 'കാ' എന്ന കഥയെ അടിസ്ഥാനമാക്കി സുജിത്ത് സി സുന്ദരൻ എഴുതി സംവിധാനം ചെയ്ത 'ബ്ലാക്ക്' എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്.
നഗരവത്കരണം മൂലം കിടപ്പാടം ഇല്ലാതായി പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥയാണ് ബ്ലാക്ക് അവതരിപ്പിക്കുന്നത്. അടിച്ചിറക്കപ്പെട്ടിടത്ത് തിരിച്ചെത്തുന്നവരുടെ കഥയായതിനാലാണ് നാടകത്തിന് ബ്ലാക്ക് എന്ന് പേര് നൽകിയതെന്ന് നാടകത്തിന്റെ സംവിധായകൻ സുജിത്ത് പറഞ്ഞു.
ദേവിക പി.എസ്, അഫ്രിൻ ഫാത്തിമ, ആനന്ദ് ശ്രീകുമാർ, സ്വാതി അജിത്ത്, ജെറോം വർഗീസ്, ഗൗരി .വി .മേനോൻ, നിർവൃതി നായിക്, നൈന സിത്താര, മീനാക്ഷി മേനോൻ, അതുൽ ശ്രീഹരി, ദിയ, അന്നദ മഹേഷ്, അതുൽ ശ്രീഹരി എന്നിവരടങ്ങുന്ന സംഘമാണ് നാടകത്തിൽ അഭിനയിച്ചത്. 11 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രണ്ട് ടീമുകൾ രണ്ടാം സ്ഥാനവും മൂന്ന് ടീമുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.