ashtami
വൈക്കം ക്ഷേത്രത്തിലെ ഋഷഭ വാഹന എഴുന്നള്ളിപ്പ് (ഫയൽ ചിത്രം)

വൈക്കം: ഭക്തർക്ക് അനുഗ്രഹവർഷം ചൊരിയാൻ ശ്രീമഹാദേവൻ ഇന്ന് ഋഷഭവാഹനത്തിൽ എഴുന്നള്ളും.

അഷ്ടമിയുടെ പ്രധാന ചടങ്ങായ ഋഷഭവാഹന എഴുന്നള്ളിപ്പ് ഇന്ന് രാത്രി 11ന് നടക്കും. സ്വർണ നെറ്റിപ്പട്ടം കെട്ടിയ എട്ട് ഗജവീരൻമാരും സ്വർണക്കുടകളും മുത്തുക്കുടകളും ആലവട്ടവും വെൺചാമരവും ആലക്തിക ദീപങ്ങളും അഞ്ചുതരം വാദ്യമേളങ്ങളും മഹാദേവരുടെ എഴുന്നള്ളിപ്പിന് അകമ്പടിയാകും.
നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ കോലം വച്ച് തിരുവാഭരണം , പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. എഴുന്നള്ളിപ്പ് രണ്ടു മണിക്കൂറുണ്ടാകും.