വൈപ്പിൻ: മുനമ്പം - അഴീക്കോട് അഴിമുഖത്ത് ചെറുമത്സ്യങ്ങൾ പിടിച്ച ക്രിസ്റ്റൽ എന്ന മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പള്ളിപ്പുറം സ്വദേശിയുടേതാണ് ബോട്ട്. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 3.5 ടൺ കിളിമീനാണ് പിടിച്ചെടുത്തത്. ചെറുമത്സ്യങ്ങൾ പുറംകടലിൽ ഒഴുക്കി വിട്ടതിനു ശേഷം ബോട്ട് വിട്ടയച്ചു. ബോട്ടിലുണ്ടായിരുന്ന വലിപ്പമുള്ള മത്സ്യങ്ങൾ ലേലം ചെയ്തു. ലേലത്തുക പിഴയിനത്തിൽ കണക്കാക്കി 3.60ലക്ഷം രൂപ ഈടാക്കി.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിരുദ്ധമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പുറപ്പെടരുതെന്നും അനധികൃത മത്സ്യബന്ധനം നടത്തിയാൽ കടുത്തശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗതകുമാരി അറിയിച്ചു. ഫിഷറീസ് അസി. ഡയറക്ടർ കെ.വി. പ്രകാശൻ, ലൈഫ് ഗാർഡർമാരായ പ്രസാദ്, മിഥുൻ, ഫസൽ, അൻസാർ എന്നിവരാണ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.