കിഴക്കമ്പലം: ഫുട്ബാൾ കമ്പംമൂത്ത് നാടുവിട്ട 14കാരനെ അമ്പതാംദിവസം കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. വാഴക്കുളം ചെമ്പറക്കി സ്വദേശിയായ വിദ്യാർത്ഥിയെയാണ് കോയമ്പത്തൂരിലെ സ്വകാര്യ സോക്കർ പരിശീലന അക്കാഡമിയിൽ നിന്ന് തടിയിട്ടപറമ്പ് പൊലീസും ബന്ധുക്കളും ചേർന്ന് കണ്ടെത്തിയത്.
നാട്ടിലെവിടെയും ഫുട്ബാൾ മൽസരം നടന്നാൽ അവിടെ തമ്പടിച്ച് കളി കണ്ടു മടങ്ങുന്ന പ്രകൃതക്കാരനായിരുന്നു മികച്ച കളിക്കാരൻ കൂടിയായ വിദ്യാർത്ഥി. എന്നാൽ പഠനത്തിൽ പിന്നാക്കംപോയതോടെ വീട്ടുകാർ ഫുട്ബാൾ കളിക്കാൻ വിടാതായതോടെയാണ് നാടുവിട്ടത്. കോഴിക്കോട് കളി പഠിക്കാൻ പോകുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുതിനാൽ അവിടെയുള്ള ക്ളബുകളുമായി ബന്ധപ്പെട്ടെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷിച്ച് വരികയായിരുന്നു. സംഭവം നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. ഒടുവിൽ പുതുതായി കണ്ടെത്തിയ ക്ളബിലെ പ്രവേശനത്തിന് തിരിച്ചറിയൽ കാർഡ് വേണ്ടിവന്നതോടെ നാട്ടിലെ കൂട്ടുകാരെ വിളിച്ചതോടെയാണ് കോയമ്പത്തൂരിൽ ഉണ്ടെന്നറിഞ്ഞത്. തുടർന്ന് പൊലീസും ബന്ധുക്കളും അവിടെത്തി നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കോയമ്പത്തൂരിൽ ചെറുകിട ജോലികൾ ചെയ്തുകിട്ടിയ പണം കൊണ്ടാണ് കളി പഠിക്കാൻ ക്ളബ് കണ്ടെത്തുംവരെ കഴിഞ്ഞത്. ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിദ്യാർത്ഥിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.