വാഴക്കുളം: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 138 പോയിൻറ് നേടി തൃശൂർ സഹോദയ മുന്നിലാണ്. 136 പോയിന്റുമായി മലബാർ സഹോദയ തൊട്ടുപിന്നിലുണ്ട്. 117 പോയിന്റുമായി സെൻട്രൽ കേരള സഹോദയ മൂന്നാം സ്ഥാനത്താണ്. ആദ്യദിനത്തിൽ ,മൂന്ന് കാറ്റഗറികളിലായി 47 ഇനങ്ങളാണ് പൂർത്തിയായത്. കാറ്റഗറി നാലിൽ പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ അപ്പീൽ വന്നതിനെ തുടർന്ന് വിധി പ്രഖ്യാപനം നീട്ടി. കാറ്റഗറി ഒന്നിൽ 65 പോയിന്റ് നേടി തൃശൂർ സഹോദയ ഒന്നാം സ്ഥാനത്തും 49 പോയിൻറ് നേടി മലബാർ സഹോദയ രണ്ടാം സ്ഥാനത്തുമാണ്. കാറ്റഗറി മൂന്നിൽ തൃശൂർ സഹോദയയ്ക്ക് 76 പോയിന്റും മലബാർ സഹോദയയ്ക്ക് 72 പോയിന്റും ലഭിച്ചു. കാറ്റഗറി നാലിൽ പത്ത് പോയിന്റ് നേടി സെൻട്രൽ കേരള സഹോദയയും മലബാർ സഹോദയയും ഒന്നാം സ്ഥാനത്താണ്. ഇന്ന് 44 ഇനങ്ങളിൽ മത്സരം നടക്കും.