കൊച്ചി : ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018 സെപ്തംബർ 28 ലെ വിധി നിലനിൽക്കുമോ? ശബരിമല വിഷയത്തിലെ പുന:പരിശോധനാ ഹർജികളിൽ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, തുല്യത തുടങ്ങിയ വിഷയങ്ങൾ ഏഴംഗ ബെഞ്ചിനു വിട്ട സുപ്രീംകോടതി വിധിയെത്തുടർന്ന് ഉയരുന്ന ചോദ്യം ഇതാണ്. ഇക്കാര്യത്തിൽ അഭിഭാഷകർക്കിടയിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്.
വാദം
യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യുകയോ ഇൗ വിധി തെറ്റാണെന്ന് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ആ നിലയ്ക്ക് യുവതീപ്രവേശനം അനുവദിക്കുന്ന 2018 ലെ വിധി നിയമപരമായി നിലനിൽക്കും.
ഏഴംഗബെഞ്ച് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നും അതുവരെ പുന: പരിശോധനാ ഹർജികൾ തീർപ്പാകാതെ നിൽക്കുമെന്നും ഇന്നലത്തെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതീ പ്രവേശനം തടഞ്ഞിട്ടില്ലെന്ന് വ്യക്തം.
മറുവാദം
പുന:പരിശോധനാ ഹർജിയിൽ ചില വിഷയങ്ങളിൽ തീർപ്പുണ്ടാക്കാൻ ഏഴംഗ വിശാലബെഞ്ചിന് വിട്ടതിലൂടെ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ ഏഴംഗബെഞ്ച് തീർപ്പുണ്ടാക്കുന്നതിനു മുമ്പ് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചാൽ ഇന്നലത്തെ വിധിയടക്കമുള്ളവ അപ്രസക്തമാകും.
ഇന്നലത്തെ വിധി 2018 സെപ്തംബർ 28 ലെ വിധിക്കുള്ള സ്റ്റേയായി കണക്കാക്കണം. മതപരമായ ആചാരങ്ങൾ നിർദ്ദേശിക്കാനുള്ള അധികാരത്തിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകും എന്നതടക്കം ഇനിയും പരിഗണിക്കാനുണ്ടെന്ന് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ഗോവിന്ദ്. കെ. ഭരതൻ പറയുന്നു.
പോംവഴി
വിധിയിൽ കൂടുതൽ വ്യക്തത തേടി സുപ്രീംകോടതിയെ തന്നെ സമീപിക്കാം. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവുമെന്ന വിധി നിലനിൽക്കുമോ? ഏഴംഗ ബെഞ്ചിനു വിട്ട വിധിയിലൂടെ പഴയ വിധി അപ്രസക്തമായോ എന്നീ കാര്യങ്ങളിൽ വ്യക്തത തേടി കേസിലെ കക്ഷികൾക്കും സർക്കാരിനും സുപ്രീംകോടതിയെ തന്നെ സമീപക്കേണ്ടിവരും.
അഞ്ചംഗ ബെഞ്ചിന്റെ വിധിയായതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിലവിലെ അഞ്ചംഗ ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനാൽ ബെഞ്ചിലെ അഞ്ചാമത്തെ അംഗമാരെന്ന് തീരുമാനിക്കേണ്ടത് പുതിയ ചീഫ് ജസ്റ്റിസാണെന്നും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് പദ്മനാഭൻ പറയുന്നു.