കൊച്ചി:നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ ചർച്ചകൾ പുരോഗമിക്കുന്നു. ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ .എൽ.കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു.
തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിൽ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാർട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.
സാങ്കേതിക സമിതി സജ്ജം
നഗരത്തിലെ കനാലുകളും ഓടകളും ഉൾപ്പെട്ട ജലനിർഗമന മാർഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്‌കരിക്കുക.പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എൻജിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്.
സ്‌പെഷ്യൽ സെൽ
ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോർപ്പറേഷൻ, റവന്യൂ, സർവെ, പൊലീസ് വകുപ്പുകൾ
ഉൾപ്പെട്ട സ്‌പെഷ്യൽ സെൽ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കും.