കൊച്ചി : കടബാദ്ധ്യതയിൽ മനംനൊന്ത് ആറുവയസുകാരനായ മകൻ വാസുദേവിനെ കൊലപ്പെടുത്തിയ കേസിൽ പെരുമ്പാവൂർ ചൂരമുടി വെള്ളപ്ളാവിൽ വീട്ടിൽ ബാബുവിന് (38) എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയ കോടതി അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഇതു വരില്ലെന്ന് വ്യക്തമാക്കിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിചാരണ വേളയിലുടനീളം കുറ്റസമ്മതം നടത്തിയ പ്രതിക്ക് താൻ ചെയ്ത ഹീനകൃത്യത്തിൽ മനോദു:ഖമുണ്ടെന്നും കോടതി വിലയിരുത്തി.
ഏറെക്കാലം കുട്ടികളില്ലാതിരുന്ന ബാബു - രാജിമോൾ ദമ്പതികൾക്ക് അഞ്ചുവർഷത്തെ ചികിത്സയെ തുടർന്നാണ് വാസുദേവ് ജനിച്ചത്. 2016 സെപ്തംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ആലുവ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ രാജിമോൾ ജോലിക്കുപോയ സമയത്ത് മകനെ നനഞ്ഞ തുണികൊണ്ട് ശ്വാസംമുട്ടിച്ചു ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം പ്ളാസ്റ്റിക് ചാക്കിൽ കെട്ടി വീടിനടുത്തുള്ള റബർ തോട്ടത്തിലെ വെള്ളമില്ലാത്ത പൊട്ടക്കിണറ്റിൽ കുഴിച്ചിട്ടു. പിന്നീട് പഴനിക്കുപോയ ഇയാൾ തലമുണ്ഡനം ചെയ്തു തിരിച്ചെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ മൊഴിയെത്തുടർന്ന് മൃതദേഹം കണ്ടെടുത്തിരുന്നു.
കുട്ടികളുണ്ടാവാനുള്ള ചികിത്സയ്ക്ക് വൻതുക ചെലവായതും ഒാണച്ചിട്ടി നടത്തി കടംവന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും ഇതിൽ മനംനൊന്താണ് മകനെ കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. അനാഥനായിരുന്ന ബാബുവിനെ പോഞ്ഞാശേരിയിലുള്ള ഒരാൾ എടുത്തുവളർത്തിയതാണ്. വീടു നിർമ്മിക്കാൻ വായ്പയെടുത്ത രണ്ടുലക്ഷം രൂപ ചികിത്സാച്ചെലവുകളെ തുടർന്ന് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. തന്റെ മകനും തന്നെപ്പോലെ അനാഥനായി മറ്റുള്ളവരുടെ തണലിൽ ജീവിക്കേണ്ടി വരുമെന്ന് ഭയപ്പെട്ടെന്നും മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു.