കൊച്ചി : തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ചത് ടാർ ചെയ്യാനായി എത്ര രൂപ നഗരസഭയിൽ കെട്ടിവെച്ചെന്ന് വാട്ടർ അതോറിട്ടിയും തുക കിട്ടിയിട്ടും റോഡ് ടാർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നഗരസഭയും ഹൈക്കോടതിയിൽ അറിയിക്കണം. പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തേവര റോഡ് ചക്കാലയ്ക്കൽ ജയ് മാത്യു നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

 ഹർജിയിലെ ആക്ഷേപങ്ങൾ

വാട്ടർ അതോറിട്ടി അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ പണ്ഡിറ്റ് കറുപ്പൻ റോഡ് കുഴിച്ചിരുന്നു. കഴിഞ്ഞ ജനുവരി 15 ന് തുടങ്ങിയ പദ്ധതി രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കി. പൈപ്പ് ലൈൻ ഇടാൻ വെട്ടിപ്പൊളിച്ച റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ മുഴുവൻ തുകയും വാട്ടർ അതോറിട്ടി നഗരസഭയിൽ കെട്ടിവച്ചിരുന്നു. പൈപ്പ് ലൈനിന്റെ പണികൾ പൂർത്തിയാക്കി പത്തു മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് റീ ടാർ ചെയ്യാൻ കൊച്ചി നഗരസഭ തയ്യാറാവുന്നില്ല. സ്കൂളുകളും കോളേജുകളും ആരാധനാലയങ്ങളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നുണ്ട്. കുമ്പളം, പനങ്ങാട്, മരട് മേഖലകളിൽ നിന്നും ആലപ്പുഴ ജില്ലയിൽ നിന്നുമായ ആയിരക്കണക്കിന് ആളുകൾ എറണാകുളം നഗരത്തിലെത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ചതിനാൽ റോഡിലുടനീളം വലിയ ഗട്ടറുകളാണ്. ഇതു കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ പറന്നുയരുന്ന പൊടിപടലങ്ങൾ റോഡിനു സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന കുട്ടികൾക്കടക്കം അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനകം തന്നെ റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണുണ്ടാകുന്ന അപകടങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു.