കൊച്ചി : ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ സമ്മേളനം 18, 19 തീയതികളിൽ കൊച്ചിയിൽ നടക്കും. മൂവായിരം പേർ പങ്കെടുക്കും.

ഗ്രാൻഡ് ഹയാത്ത് ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. 18 ന് രാവിലെ പത്തിന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദേശീയ പ്രസിഡന്റ് പ്രഫുല്ല ഛാജദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അതുൽകുമാർ ഗുപ്ത, ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടിയായ തോമസ് ചാഴികാടൻ എം.പി, കേന്ദ്രകമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലിൽ എന്നിവർ പ്രസംഗിക്കും.

വളർച്ച : പുതിയ ഉൾക്കാഴ്ചകൾ, പുതിയ ഉയരങ്ങൾ എന്നതാണ് സമ്മേളനത്തിന്റെ വിഷയമെന്ന് ദക്ഷിണേന്ത്യൻ കൗൺസിലർ ചെയർമാൻ ജോമോൻ കെ. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്പനികാര്യ മന്ത്രാലയം മേഖലാ ഡയറക്ടർ എം.ആർ. ഭട്ട്, ഡോ. മുകളിത വിജയ വാർഗീയ, പദംചന്ദ് ഘിൻച, ശിവജി ഭിക്കാജി സാവ്‌രെ, ഗണേഷ് ബാലകൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. കാനറ ബാങ്ക് ചെയർമാൻ ടി.എൻ. മനോഹരൻ, ഇൻസ്റ്റിറ്റ്യൂട്ട് മുൻ ദേശീയ പ്രസിഡന്റുമാരായ ആർ. ബാലകൃഷ്ണൻ, ബി.പി. റാവു, ആർ. ഭൂപതി, കെ. രഘു, എം. ദേവരാജ റെഢി, വേണുഗോപാൽ സി. ഗോവിന്ദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

വാർത്താസമ്മേളനത്തിൽ ജോമോൻ കെ. ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ, ശ്രീനിവാസൻ പി.ആർ എന്നിവർ പങ്കെടുത്തു.