കോലഞ്ചേരി: നിങ്ങൾ പെൻഷൻ വാങ്ങുന്നവരാണോ ? അക്ഷയ വഴി ലൈഫ് സർട്ടിഫിക്കറ്റ് കൈപ്പറ്റുക.അല്ലങ്കിൽ പെൻഷൻ മുടങ്ങും.സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ ,കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ , വികലാംഗ പെൻഷൻ, 50 വയസിന് മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തി ലൈഫ് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
മസ്റ്ററിംഗ് പെൻഷൻ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.
മസ്റ്ററിംഗ് ചെയ്യാൻ എന്തെല്ലാം കരുതണം
#ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി വിരലടയാളം വഴിയോ , കണ്ണോ ഉപയോഗിക്കാം
#ആധാർ കാർഡ് കൈയിൽ കരുതണം
#പെൻഷൻ ഐ.ഡിയും കരുതാം
#വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസിന് താഴെയുള്ളവർ
പുനർവിവാഹിത ആയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം
മസ്റ്ററിംഗ് ഫ്രീ
അക്ഷയ കേന്ദ്രങ്ങളിൽ തികച്ചും സൗജന്യമാണ് മസ്റ്ററിംഗ്. അക്ഷയ കേന്ദ്രങ്ങൾക്കാവശ്യമായ തുക സർക്കാർ നൽകും.ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങൾ പണം ആവശ്യപെട്ടാൽ തദ്ദേശസ്ഥാപനത്തിലോ,അക്ഷയ ജില്ലാ ഓഫീസിലോ പരാതി നൽകാവുന്നതാണ്. കേരളത്തിലെ ഏത് തദ്ദേശസ്ഥാപനത്തിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താവിനും ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താവുന്നതാണ്.
ലൈഫ് സർട്ടിഫിക്കറ്റ്
പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയിൽ എത്തി വേണം മസ്റ്ററിംഗ് നടത്താൻ. പെൻഷൻ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ച ആധാറിലുള്ള വിരലടയാളവും ,മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാൽ മാത്രമേ മസ്റ്ററിംഗ് മുഖേനെ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 18 മുതൽ 30 വരെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്താവുന്നതാണ്.ആധാർ കാർഡില്ലാതെ പെൻഷൻ വാങ്ങുന്നവർ ഗസറ്റഡ് ഓഫീസർ /വില്ലേജ് ഓഫീസറിൽ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തിൽ നൽകണം.കിടപ്പുരോഗികൾ അടുത്ത ബന്ധുക്കൾ മുഖേന, പെൻഷൻ വാങ്ങുന്ന തദ്ദേശസ്ഥാപനത്തെ 29 ന് മുമ്പായി അറിയിച്ചാൽ ഡിസംബർ 1 മുതൽ 5 വരെ അക്ഷയ പ്രതിനിധി നിങ്ങളുടെ വീട്ടിൽ വന്നു ലൈഫ് സർടിഫിക്കറ്റ് നൽകും
ഡിസംബർ മാസം മുതൽ മസ്റ്ററിംഗ് ചെയ്യാത്തവർക്ക് പെൻഷനില്ല
പെൻഷൻ വാങ്ങുന്നവർ മരണപെട്ടതിന് ശേഷവും അത് മറച്ചു വെച്ച് കുടുംബാംഗങ്ങൾ അനർഹമായി പെൻഷൻ വാങ്ങുന്ന തടയുകയാണ് ലക്ഷ്യം. ഇത്തരത്തിൽ കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും സർക്കാരിന് നഷ്ടപ്പെടുന്നത് . ഇതൊഴിവാക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് അക്ഷയയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.