കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ റോഡിലൂടെ യാത്ര ചെയ്യുന്ന വൈപ്പിൻ ദ്വീപ് നിവാസികളെ പിഴിയുന്നതിൽ പ്രതിഷേധം കനത്തു. ആശുപത്രിയിലേയ്ക്കും അത്യാവശ്യങ്ങൾക്കും പോകുന്നതിന് വൈപ്പിൻ നിവാസികൾ ടോൾ നൽകണം. മുളവുകാടിനെയും ചേരാനല്ലൂരിനെയും ഒഴിവാക്കിയതു പോലെ വൈപ്പിൻ നിവാസികളെയും ടോളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാക്കി.
വൈപ്പിനിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് വഴിയാണ് ആസ്റ്റർ മെഡിസിറ്റി, ലൂർദ്ദ്, ഏലൂർ ഇ.എസ്.ഐ തുടങ്ങിയ ആശുപത്രികളിലും കളമശേരി, ആലുവ ഭാഗങ്ങളിലേയ്ക്കും പോകുന്നത്. വൈപ്പിൻ നിയസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് കണ്ടെയ്‌നർ റോഡെങ്കിലും വാഹനങ്ങൾ ടോൾ നൽകണം. വൈപ്പിനിലെ മുഴുവൻ പഞ്ചായത്തുകളിലെയും വാഹനങ്ങളെ കണ്ടെയ്‌നർ റോഡിലെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഹൈബി ഈഡൻ എം.പി., ജില്ലാ കളക്ടർ, ദേശിയ പാത അതോറിട്ടി എന്നിവർക്ക് നാട്ടുകാർ നിവേദനം നൽകി.
# വൈപ്പിൻകാർ പറയുന്നു
● വഴിവിളക്കുകളും അപ്രോച്ച് റോഡുകളും കണ്ടെയ്‌നർ റോഡിൽ പൂർത്തിയാക്കണം
●സ്പീഡ് ട്രാക്ക് സംവിധാനം സ്ഥാപിക്കുക
●വൈപ്പിൻ ദ്വീപിലെ വാഹനങ്ങളെ ടോൾ പിരിവിൽനിന്നും ഒഴിവാക്കുക
●20 കി.മീ വരെ പ്രദേശത്തെ വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കുക
●ദ്വീപ് സമൂഹങ്ങളെ ടോൾ പിരിവ് ഒഴിവാക്കുക.
# ടോൾ ഒഴിവായ പഞ്ചായത്തുകൾ
●മുളവുകാട്
●കടമക്കുടി
●ചേരാനെല്ലൂർ
# ടോൾ ബൂത്തിൽ പ്രതിഷേധം
വൈപ്പിനിലെ വാഹനങ്ങളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വല്ലാർപാടം കണ്ടെയ്‌നർ ടോൾ ബൂത്തിന് സമീപം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോണി വൈപ്പിൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ എം. രാജഗോപാൽ, ജോസഫ് നരികുളം, ഫ്രാൻസീസ് അറയ്ക്കൽ, എം.കെ. ജോൺ, കെ.കെ. പാർത്ഥൻ, വർഗീസ് കാച്ചപ്പിള്ളി, തോമസ് ഇലവത്തുങ്കൽ, ജോസഫ് ഫെലിക്‌സ്, ഡാളി ഫ്രാൻസീസ്, റോസിലി ജോസഫ്, അൽഫോൺസ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
# കരാർ പാലിക്കണം
ടോൾ പിരിവ് കരാറിൽ വ്യവസ്ഥ ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം.
പോൾ ജെ. മാമ്പിള്ളി, ചെയർമാൻ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി