കൊച്ചി: മലയാളികളുടെ സ്വന്തം നറുനെയ്യ് ഇനി യു.എ.ഇയിലേയ്ക്ക് കടൽ കടക്കും. യു.എ.ഇയിലെ ട്രൂബെൽ എന്ന കമ്പനിയുമായി കരാർ ഒപ്പുവയ്ക്കാനുള്ള ഒരുക്കത്തിലാണ് മിൽമയുടെ എറണാകുളം മേഖല. ഒന്നരമാസം മുമ്പാണ് നെയ്യ് കയറ്റി അയക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ കമ്പനി മിൽമ അധികൃതരെ സമീപിച്ചത്.
വയനാട്ടിൽ നിന്ന് സൗദി അറേബ്യയിലേക്ക് മിൽമനെയ്യ് കയറ്റി അയക്കുന്നുണ്ട്. 10 മുതൽ 30 മെട്രിക് ടൺ വരെയാണ് ഒരുമാസം കയറ്റി അയക്കുന്നത്.ഒരുമാസം 20 മെട്രിക് ടൺ എങ്കിലും എറണാകുളം മേഖലാ യൂണിയനിൽ നിന്ന് അയക്കാനാകുമെന്നാണ് കരുതുന്നത്. 150 മെട്രിക് ടൺ നെയ്യാണ് എറണാകുളം മേഖല ഒരു മാസം ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ലഭിക്കുന്ന അതേ വിലയ്ക്ക് യു.എ.ഇയിലും നെയ്യ് നൽകാനാകുമെന്ന് അധികൃതർ പറയുന്നു.
നെയ്യ് കൂടാതെ മധുരപലഹാരമായ മിൽമ പേടയും അയക്കാനായി ആലോചനയുണ്ട്. എന്നാൽ നെയ്യ് അയച്ചതിന് ശേഷം വിപണി സാദ്ധ്യത മനസിലാക്കിയ ശേഷമാകും പേട അയക്കുക. 2018ലെ വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറി വരുന്ന ക്ഷീരോത്പാദന മേഖലയ്ക്ക് വിദേശമാർക്കറ്റ് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
യു.എ.ഇ വിപണിയിൽ പ്രതീക്ഷ
"വിപണിയിലുള്ളതിൽഒമ്പത് മാസം വരെ കാലാവധി ഉറപ്പ് നൽകുന്ന ഉത്പന്നമാണ് മിൽമ നെയ്യ്. ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പാലിൽ നിന്ന് നിർമ്മിക്കുന്നതിനാൽ ശുദ്ധതയുമുണ്ട്. അതുകൊണ്ട് തന്നെ യു.എ.ഇയിലെ മലയാളികൾ മാത്രമല്ല മറ്റുള്ളവരും മിൽമ നെയ്യ് സ്വീകരിക്കുമെന്നാണ് കരുതുന്നത്. "
ഡോ.എം. മുരളീധരദാസ്
മാനേജിംഗ് ഡയറക്ടർ
മിൽമ എറണാകുളം മേഖല