കൊച്ചി: ഫേസ്ബുക്കിലെ ചില ഡേറ്റിംഗ് ഗ്രൂപ്പുകളുടെ മറവിൽ കൊച്ചിയിലടക്കം നടക്കുന്നത് ലക്ഷങ്ങളുടെ പെൺവാണിഭമാണെന്ന വിവരം പൊലീസിന് ലഭിച്ചു. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ഗ്രൂപ്പുകൾ ഇതിനോടകം നിരവധിപ്പേരെ വലയിലാക്കിയതായാണ് വിവരം. ഗ്രൂപ്പിന് പിന്നിലുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ആറംഗ സംഘത്തിന്റെ മർദ്ദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവ് കൊച്ചി സിറ്റി പൊലീസിന് കീഴിലെ ഒരു സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഡേറ്റിംഗ് ഗ്രൂപ്പിന് പിന്നിലെ പെൺവാണിഭത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. യുവാവിന്റെ പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രണ്ട് ഡേറ്റിംഗ് ഗ്രൂപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സൗഹൃദ കൂട്ടായ്മ അംഗമാകാൻ കടമ്പകൾ
ആയിരത്തിലധികം പേരാണ് ഇത്തരം ചില ഡേറ്റിംഗ് ഗ്രൂപ്പിൽ ആംഗങ്ങളായുള്ളത്. യുവാക്കളും മദ്ധ്യവയസ്കരും ഗ്രൂപ്പിലുണ്ട്. ഫോൺ നമ്പറടക്കം കൃത്യമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കൂ. റിക്വസ്റ്റ് അയച്ചാൽ മാസങ്ങൾ നീളുന്ന പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമേ അംഗത്വം ലഭിക്കുകയുള്ളൂ. ഇങ്ങനെ അടുത്തിടെ അംഗത്വം ലഭിച്ച യുവാവിനാണ് ഗുണ്ടകളുടെ ക്രൂരമർദ്ദനമേറ്റത്. ഉന്നതരടക്കം ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ടെന്നാണ് വിവരം. ലൊക്കാന്റോ സൈറ്റുകളിൽ പൊലീസ് പിടിമുറുക്കിയതോടെയാണ് സംഘങ്ങൾ ഫേസ്ബുക്കിലേക്ക് ചേക്കറിയത്. സൗഹൃദ കൂട്ടായ്മയെന്ന് തോന്നിക്കും വിധമാണ് ഫേസ്ബുക്ക് ഗ്രൂപ്പ്. എന്നാൽ, മറ്റ് ഗ്രൂപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തവുമാണ് ഇവരുടെ രീതികൾ. പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണെങ്കിലും മറ്റ് ഇടപാടുകളെല്ലാം വാട്ട്സ്ആപ്പിലും ടെലിഗ്രാമിലൂടെയുമാണ്. ഇവരുടെ ഫോൺ ഇടപാടുകൾ പലപ്പോഴും പിന്തുടരാൻ പൊലീസിന് സാധിക്കാറില്ല.
വഴി തുറന്ന തല്ല് കേസ്
ഡേറ്റിംഗ് ഗ്രൂപ്പിൽ അംഗമായതിന് തൊട്ടടുത്ത ദിവസം, ഗ്രൂപ്പ് അംഗമായ യുവതിയുടെ ഫേസ്ബുക്ക് കോൾ യുവാവിന്റെ ഫോണിലേക്ക് എത്തി. പരിചയപ്പെട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് യുവതി ഡേറ്റിംഗിന് താത്പര്യം അറിയിച്ചു. ഇതിനായി മുപ്പതിനായിരത്തോളം രൂപയും ആവശ്യപ്പെട്ടു.സമ്മതം മൂളിയ യുവാവ് യുവതിയെ കാണാൻ കൊച്ചിയിൽ എത്തി. എന്നാൽ, യുവതിയെ നേരിൽ കണ്ടതോടെ യുവാവിന് ബോധിച്ചില്ല. പിന്നീട് യുവതി മറ്റൊരു വീട്ടമ്മയെ പരിചയപ്പെടുത്തി. തുടർന്ന് യുവാവ് വീട്ടമ്മയുമായി ചാറ്റിംഗ് ആരംഭിച്ചു. ഡേറ്റിംഗിന് സമ്മതം അറിയിച്ചതിന് പിന്നാലെ യുവാവുമായി നടത്തിയ ചാറ്റിംഗ് ലീക്കായി. ഇതിന് പിന്നിൽ ആലപ്പുഴക്കാരനാണെന്ന് തെറ്റിദ്ധരിച്ച വീട്ടമ്മ മറ്റൊരു പെൺകുട്ടിയെക്കൊണ്ട് യുവാവിനെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നു. ദൗത്യം ഏറ്റെടുത്ത പെൺകുട്ടി യുവാവുമായി അടുക്കുകയും കൊച്ചിയിലെ ഹോട്ടലിൽ ഇയാളെ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് വീട്ടമ്മയുമായി ബന്ധമുള്ള ഗുണ്ടകൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു.
ഷോപ്പിംഗ് മസ്റ്റ്
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്ന യുവതികൾ ഇടപാടിന് അരലക്ഷത്തിൽ താഴെയാണ് ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഷോപ്പിംഗുമുണ്ട്. കൊച്ചിയിലടക്കം പ്രമുഖ വസ്ത്രശാലകളും മാളുകളുമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. പതിനായിരത്തിൽ താഴെ വിലയുള്ള ചുരിദാർ, സാരി, മുന്തിയ ഭക്ഷണം എന്നിങ്ങനെ നീളും ഷോപ്പിംഗ്. മറ്റൊന്ന് മദ്യമാണ്. പഞ്ചനക്ഷത്ര ബാറുകളിൽ മാത്രമേ ഇവർ പോകുകയുള്ളൂ. അടിച്ച് പൂസായി മടങ്ങും മുമ്പ് ഇവിടെ നിന്ന് ഒരു കുപ്പി മദ്യവും വാങ്ങും.