വാഴക്കുളം: "പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ ധാരാളമാട്ടിത്തെളിച്ചു കൊണ്ടങ്ങനെ .. എത്തീ കിഴക്കൻ മല കടന്നിന്നലെ ഇത്തീരഭൂവിൽ കറുത്ത ചെട്ടിച്ചികൾ....." ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികൾ എന്ന പദ്യം ചൊല്ലി കാസർകോട് സാൻജോ സെൻട്രൽ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ജെ.എസ് കൃഷ്ണജിത്ത് നേടിയത് ഒന്നാം സ്ഥാനം. തുടർച്ചയായി നാലാം വർഷമാണ് കൃഷ്ണജിത്ത് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. തെയ്യം കലാകാരനായ സുരേശന്റെയും അദ്ധ്യാപികയായ ജ്യോതിലക്ഷ്മിയുടെയും മകനാണ് കൃഷ്ണജിത്ത്. അമ്മാവൻ കൂടിയായ പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജ് അദ്ധ്യാപകൻ ലോഹിതാക്ഷനാണ് കൃഷ്ണജിത്തിന്റെ ഗുരു. തമിഴ്‌നാട്ടിൽ നിന്ന് പശുക്കളെ മേയ്ക്കാനായി എത്തിയിരുന്ന ചെട്ടിച്ചികൾ എന്നറിയപ്പെടുന്ന സമുദായത്തിന്റെ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളാണ് കൃഷ്ണജിത്ത് അവതരിപ്പിച്ചത്.