cbsckalosavam
ജഗത് ചിരാഗ്

വാഴക്കുളം:ആലപ്പുഴയിൽ 2015ൽ നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കൊപ്പം മിമിക്രി മത്സരത്തിൽ പങ്കെടുത്ത് കൈയടി നേടിയ ജഗത് എന്ന അഞ്ചാം ക്ലാസുകാരനെഓർക്കുന്നുണ്ടോ. സീനിയർ വിഭാഗത്തിൽ മത്സരിച്ചു എന്നത് മാത്രമായിരുന്നില്ല മറ്റ് മത്സരാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് ജഗതിനെ അയോഗ്യനാക്കിയതും പിന്നീട് പ്രോത്സാഹന സമ്മാനം നൽകിയതുമെല്ലാം വാർത്തയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം സംസ്ഥാന കലോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സമ്മാനം നേടിയതിന്റെ സന്തോഷത്തിലാണ് ജഗത് ചിരാഗ്. കോഴിക്കോട് വട്ടോളി ഹൈടെക് പബ്ലിക് സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ് ജഗത്. സ്‌കൂളിലെ സംഗീത അദ്ധ്യാപകനായ സുധൻ കൈവേലിയാണ് മിമിക്രിയിൽ ഗുരു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ റാണു മണ്ഡലിന്റെ ജീവിത കഥയായിരുന്നു ജഗൻ ശബ്ദാനുകരണത്തിലൂടെ അവതരിപ്പിച്ചത്. റെയിൽവേ പ്ലാറ്റ്‌ഫോമിലെ ഗായികയിൽ നിന്നും സിനിമാ പിന്നണിഗായികയിലേക്കെത്തിയതും സൽമാൻ ഖാൻ വീട് പണിത് നൽകിയതും കോമഡി ഉത്സവ വേദിയിൽ അതിഥിയായി വന്നതുമെല്ലാം ഒരു സിനിമയിലെന്നപോലെയാണ് ജഗത് ശബ്ദാനുകരണത്തിലൂടെ അവതരിപ്പിച്ചത്. ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ജഗത്. എന്നാൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയ മത്സരാർത്ഥിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് സംസ്ഥാന തലത്തിൽ ജഗത് ഒന്നാമതെത്തിയത്. ഇത് വിജയത്തിന് ഇരട്ടിമധുരം നൽകുന്നുവെന്ന് ജഗത് പറഞ്ഞു.