മൂവാറ്റുപുഴ:ദീപിക പദുകോണിന് സ്വാഗതം.കേട്ട് നിന്ന പലരും ഒന്ന് ഞെട്ടി. അവതാരകരുടെ മത്സരം നടക്കുകയായിരുന്നുഅവിടെ . പതിനഞ്ചാം വേദിയിൽ നടന്ന ആങ്കറിംഗ് മത്സരത്തിന്റെ സാങ്കൽപ്പിക സദസിലേക്കാണ് മത്സരാർത്ഥികൾ വൻ താര നിരയെ സ്വാഗതം ചെയ്തത്.സി ബി എസ് സി സംസ്ഥാന കലോത്സവത്തിന്റെ മത്സരയിനമായ ആങ്കറിംഗിൽ ഗ്രാന്റ് ഫിനാലെ വിഷയത്തിലായിരുന്നു കുട്ടികളുടെ ഈ പ്രകടനം.ഓരോ മത്സരാർത്ഥിയും വളരെ ആവേശത്തോടെ ദീപിക പദുകോൺ, സായ് പല്ലവി ,രേഖ ,പ്രസന്ന മാസ്റ്റർ,നീരവ്, പ്രിയാമണി,മിയ എന്നിവരെയും വേദിയിലേക്ക് ക്ഷണിച്ചു. മത്സരാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു .സംസാര ഭാഷയിലും ശൈലിയിലും ശരീര ചലനങ്ങളിലും ഓരോ മത്സരാർത്ഥിയും വ്യത്യസ്ത പുലർത്തിയിരുന്നു .ചിലർ തമാശകളിലൂടെ സദസിനെ ചിരിപ്പിച്ചപ്പോൾ മറ്റു ചിലർ പാട്ടു പാടിയാണ് കാണികളെ കൈയിലെടുത്തത് . ചിലർ ചോദ്യങ്ങൾ ചോദിച്ചും ഒപ്പം ആവേശത്തോടെ കൈയടിക്കാനും ആവശ്യപ്പെട്ട് വേദി സജീവവമാക്കി. അനുവദിച്ച ഏഴു മിനിട്ടുകൾക്കുള്ളിൽ ചാനൽ ഷോകളെ വെല്ലുംവിധത്തിൽ ഓരോ അവതാരകരും അരങ്ങു തകർക്കുകയായിരുന്നു.